മലപ്പുറം: റെക്കാഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല. 85,209 വിദ്യാർത്ഥികൾ എഴുതിയ ഫൈനൽ ബിരുദ പരീക്ഷാ ഫലമാണ് (ആറാം സെമസ്റ്റർ) 23-ാം പ്രവൃത്തിദിനത്തിൽ വെബ്സൈറ്റ് വഴി വി.സി ഡോ.എം.കെ. ജയരാജ് പുറത്തുവിട്ടത്. വിവിധ കോളേജുകളിലായി എഴുതിയ 62,459 റഗുലർ വിദ്യാർത്ഥികളിൽ 51,469 പേരും വിജയിച്ചു, 82.4 ശതമാനം. 22,750 വിദൂരപഠന വിഭാഗം വിദ്യാർത്ഥികളിൽ 14,285 പേരും ജയിച്ചു, 62.79 ശതമാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്ന കാലിക്കറ്റ് സർവകലാശാല നടപടിക്രമങ്ങൾ ആധുനികവത്കരിച്ചാണ് ഫലപ്രഖ്യാപനത്തിൽ നേട്ടം കൈവരിച്ചത്. ഫലം സർവകലാശാലാ വെബ്സൈറ്റിൽ uoc.ac.in ലഭ്യമാണ്. ജൂൺ ആദ്യവാരത്തോടെ ഗ്രേഡ് കാർഡ് വിതരണം തുടങ്ങും.
നേട്ടത്തിലേക്ക് ഇങ്ങനെ...
1-ഫാൾസ് നമ്പറിംഗ് ഒഴിവാക്കാൻ
ഉത്തരക്കടലാസിലെ ബാർകോഡിംഗ്,
2-ക്യാമ്പുകളിൽ ഉത്തരക്കടലാസ് എത്തിക്കാൻ
തപാൽ വകുപ്പുമായി സഹകരണം
3-മാർക്ക് രേഖപ്പെടുത്താൻ ആപ്പ്
4-ഉത്തരക്കടലാസുകൾ സൂക്ഷിക്കാനും
വേഗം തിരിച്ചെടുക്കാനും ഡിജിറ്റൽ സ്റ്റോറേജ്
5-സെന്റർ ഫോർ എക്സാം ഓട്ടോമേഷൻ
ആൻഡ് മാനേജ്മെന്റ് സംവിധാനം
കാലിക്കറ്റ് സർവകലാശാലയുടേത് ചരിത്ര നേട്ടമാണ്. അദ്ധ്യാപകരേയും ജീവനക്കാരെയും അഭിനന്ദിക്കുന്നു.
ഡോ.ആർ. ബിന്ദു, ഉന്നത വിദ്യാഭ്യാസ മന്ത്രി.
ഹയർ സെക്കൻഡറി സ്ഥലം
മാറ്റത്തിന് പുതിയ പട്ടിക
സ്വന്തം ലേഖിക
#പുതിയ സ്കൂളിൽ ജോയിൻ ചെയ്തവർ അങ്കലാപ്പിൽ
തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്ഥലംമാറ്രത്തിന് പുതിയ പട്ടിക വരുന്നതോടെ, പൊതുവിദ്യാഭ്യാസവകുപ്പിന്റെ
സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിടുതൽ നേടി പുതിയ സ്കൂളുകളിൽ ജോയിൻ ചെയ്ത അദ്ധ്യാപകർ അങ്കലാപ്പിൽ. സ്കൂൾ തുറക്കാൻ പതിനാറ് ദിവസം മാത്രം ശേഷിക്കെ പുതിയ പട്ടിക തയ്യാറാക്കൽ എത്രത്തോളം എളുപ്പമാകുമെന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിമ റികടന്ന് മേയ് നാലിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ സർക്കുലർ ഇറക്കിയത്. ബുധനാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറെ വിളിച്ചുവരുത്തിയ ട്രൈബ്യൂണൽ സർക്കുലർ വിധിക്കെതിരാണെന്നും
കോടതി അലക്ഷ്യ നടപടിയിലേക്ക് കടക്കുകയാണെന്നും അറിയിച്ചു. ഇതേത്തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പിൻവലിക്കാമെന്നും നടപടിയിൽ നിന്നൊഴിവാക്കണമെന്നും അഭ്യർത്ഥിച്ചു. പഴയ സർക്കുലർ പിൻവലിച്ചതായി വ്യക്തമാക്കി വകുപ്പ് ഇന്നലെ പുതിയ സർക്കുലറും ഇറക്കി.
ഈ സാഹചര്യത്തിൽ പുതിയ സ്ഥലംമാറ്റ പട്ടിക തയ്യാറാക്കണം. ഇതാണ് അദ്ധ്യാപകരെ ത്രിശങ്കുവിലാക്കിയത് .
നേരത്തെ സർക്കാരിന്റെ സ്ഥലംമാറ്റ നടപടികൾ ട്രൈബ്യൂണൽ സ്റ്റേ ചെയ്തതോടെ വിടുതൽ വാങ്ങിയ അദ്ധ്യാപകർക്ക് പുതിയ സ്കൂളുകളിൽ ജോയിൻ ചെയ്യാനാവാതെ വന്നിരുന്നു. ഇതിനെതിരെ ഒരദ്ധ്യാപിക ഹൈക്കോടതിയെ സമീപിച്ചു. ഇതിനെത്തുടർന്നുണ്ടായ ഹൈക്കോടതി ഇടക്കാലവിധിയുടെ മറവിൽ വകുപ്പ് ഇറക്കിയ സർക്കുലറാണ് ഇപ്പോൾ റദ്ദാക്കിയത്.
21 ന് ട്രൈബ്യൂണൽ കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.
ഹയർ സെക്കൻഡറി
അദ്ധ്യാപക സ്ഥലംമാറ്റം:
തത്സ്ഥിതി തുടരണം
കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റം സംബന്ധിച്ച കേസിൽ ഒരാഴ്ചത്തേക്ക് തത്സ്ഥിതി തുടരണമെന്ന് ഹൈക്കോടതി. സ്ഥലംമാറ്റങ്ങൾ ഭാഗികമായി റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് നിലവിൽ നടപ്പായ സ്ഥലംമാറ്റങ്ങൾക്ക് തത്കാലം ബാധകമല്ലെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹർജി വീണ്ടും പരിഗണിക്കുന്ന ജൂൺ മൂന്നുവരെ ബാധകമാവില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്.
സ്ഥലംമാറ്റം കിട്ടിയ അദ്ധ്യാപകർ ഉടൻ ജോയിൻ ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഇതിനിടെ സർക്കുലർ ഇറക്കുകയും ട്രൈബ്യൂണൽ ഇടപെടലിനെത്തുടർന്ന് പിൻവലിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഹർജിക്കാരിൽ ചിലർ ശ്രദ്ധയിൽപ്പെടുത്തിയ സാഹചര്യത്തിലാണ് തത്സ്ഥിതി തുടരാൻ ജസ്റ്റിസ് സതീഷ് നൈനാനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഇടക്കാല ഉത്തരവിട്ടത്.നാനൂറിലധികം അദ്ധ്യാപകരെ സ്ഥലം മാറ്റി ഫെബ്രുവരി 12നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.