വണ്ടൂർ: അങ്ങാടിയിലെ നിലമ്പൂർ-പാണ്ടിക്കാട് റോഡുകളിലെ അഴുക്കുചാലുകൾ വൃത്തിയാക്കാൻ തുടങ്ങി. പി.ഡബ്ല്യു.ഡിയാണ് ജെ.സി.ബി ഉപയോഗിച്ച് സ്ലാബുകൾ മാറ്റിയാണ് അഴുക്കുചാലിലടിഞ്ഞ മണ്ണ് കോരുന്നത്. നിലമ്പൂർ റോഡിലെ പ്രവേശന കവാടത്തിൽ നിന്നാണ് വൃത്തിയാക്കൽ ആരംഭിച്ചത്. മഴ എത്തിയതോടെ വണ്ടൂരങ്ങാടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ആരോഗ്യവകുപ്പിന്റെ സാന്നിദ്ധ്യത്തിലാണ് അഴുക്കുചാലുകൾ വൃത്തിയാക്കുന്നത്.നിലമ്പൂർ റോഡിലെയും പാണ്ടിക്കാട് റോഡിലെയും വെള്ളക്കെട്ടുള്ള ഭാഗത്തെ അഴുക്കുചാലുകൾ വൃത്തിയാക്കാനാണ് തീരുമാനമെടുത്തതെങ്കിലും മുഴുവനായും വൃത്തിയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, വൈസ് പ്രസിഡന്റ് സിദ്ദീഖ് പട്ടിക്കാടൻ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.