മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ച് കേസുകളിലായി 3.48 കോടിയുടെ 4.82 കിലോ സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സംഭവത്തിൽ നാല് സ്ത്രീകളടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു. ഇവർ കോഴിക്കോട്, മലപ്പുറം സ്വദേശികളാണ്.
മലപ്പുറം കൂരാട് സ്വദേശിയിൽ നിന്നും 85.92 ലക്ഷം വരുന്ന സ്വർണവും കോഴിക്കോട് ചോംമ്പാല സ്വദേശിയിൽ നിന്നും 38.19 ലക്ഷം വരുന്ന സ്വർണവും പിടിച്ചെടുത്തു. ഇവർ രണ്ടുപേരും ജിദ്ദയിൽ നിന്നും എത്തിയവരാണ്.
അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 95.23 കോടി വരുന്ന സ്വർണം അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് വേളം സ്വദേശിനിയിൽ നിന്നും 96.47 ലക്ഷം വരുന്ന സ്വർണം അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിനികളായ രണ്ട് സ്ത്രീകളിൽ നിന്നും പിടിച്ചെടുത്തു. 32.49 ലക്ഷം വരുന്ന സ്വർണമാലയും പാദസരവും ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കോഴിക്കോട് സ്വദേശിനിയായ മറ്റൊരു സ്ത്രീയീൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തു.