d

വണ്ടൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ച് വണ്ടൂർ ടൗണിൽ സ്ഥാപിക്കുന്ന സിസി ടിവി കാമറകളുടെ നിർമ്മാണ പ്രവൃത്തിയുടെ ടെൻ‌ഡർ നടപടികൾ പൂർത്തിയായി. പ്രവൃത്തി ഉടൻ ആരംഭിക്കാൻ എ.പി അനിൽകുമാർ എം എൽ.എ. വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു. . വണ്ടൂർ ടൗണിൽ ആറ് സ്ഥലങ്ങളിലായി 12 എ.ഐ. ടെക്‌നോളജിയോടു കൂടിയ സിസി ടിവി കാമറകളാണ് സ്ഥാപിക്കുക. ഇതിന്റെ മോണിറ്ററും മറ്റു അനുബന്ധ ഉപകരണങ്ങളും വണ്ടൂർ പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കും. പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും സിസിടിവി കാമറകളുടെ പ്രവർത്തനം. എ.പി.അനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീനത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി. അജ്മൽ, വണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് പട്ടിക്കാടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി. കുഞ്ഞുമുഹമ്മദ്, ഷൈജൽ എടപ്പറ്റ, മൻസൂർ, എം.റസാബ് തുടങ്ങിയവർ പങ്കെടുത്തു.