loksabha-election

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഏതാനം ദിവസങ്ങൾ മാത്രം അവശേഷിക്കേ മലപ്പുറത്തും പൊന്നാനിയിലും വിജയം ഉറപ്പിക്കുന്ന മുസ്‌ലിം ലീഗ് ഇരു മണ്ഡലങ്ങളിലേയും ഭൂരിപക്ഷം സംബന്ധിച്ച് കടുത്ത ആശങ്കകളിലാണ്. സമസ്ത - മുസ്‌ലിം ലീഗ് തർക്കം മലപ്പുറത്തും പൊന്നാനിയിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് പുറമേക്ക് ആശ്വാസം കൊള്ളുമ്പോഴും അടിയൊഴുക്കുകൾ സംബന്ധിച്ച വ്യക്തമായ ധാരണ ഇപ്പോഴും ലീഗ് നേതൃത്വത്തിനില്ല. പൊന്നാനിയിൽ പരമാവധി 10,​000ത്തിന് താഴെ വോട്ടേ നഷ്ടമാവൂ എന്നാണ് മുസ്‌ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് അവലോകന യോഗം വിലയിരുത്തിയത്. പൊന്നാനിയിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെയും മലപ്പുറത്ത് രണ്ട് ലക്ഷത്തിലധികം വോട്ടിന്റെയും ഭൂരിപക്ഷം ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. ലീഗുമായി അഭിപ്രായ വ്യത്യാസമുള്ള സമസ്തക്കാരിൽ ഒരുവിഭാഗത്തിന്റെ വോട്ട് ലഭിച്ചെന്നുമാണ് ലീഗിന്റെ അവകാശവാദം.

പോളിംഗ് കുറഞ്ഞതും ആശങ്ക
മലപ്പുറത്തും പൊന്നാനിയിലും പോളിംഗിൽ ഉണ്ടായ കുറവും ലീഗിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. പൊന്നാനിയിൽ 2019ൽ പോളിംഗ് 74.98 ശതമാനമെങ്കിൽ ഇത്തവണ 69.70ലേക്ക് ചുരുങ്ങി. 5.28 ശതമാനത്തിന്റെ കുറവുണ്ട്. മലപ്പുറത്ത് 2019ൽ 75.49 ശതമാനമാണ് പോളിംഗ് എങ്കിൽ ഇത്തവണ 73.40 ആണ്. 2.09 ശതമാനത്തിന്റെ കുറവ് മലപ്പുറത്തെ ഫലത്തെയും ബാധിക്കാനിടയുണ്ട്. പൗരത്വഭേദഗതിയടക്കം വലിയ ചർച്ചയായിട്ടും ന്യൂനപക്ഷ വിഭാഗങ്ങൾ ഏറെയുള്ള ഇരുമണ്ഡലങ്ങളിലും പോളിംഗ് കുറഞ്ഞതിന്റെ ഞെട്ടൽ ഇതുവരെ ലീഗിനെ വിട്ടുമാറിയിട്ടില്ല. മുസ്‌ലിം ലീഗിന്റെ വോട്ടുബാങ്കായ സമസ്തയുടെ മനംമാറ്റമാണ് തിരഞ്ഞെടുപ്പിന് ശേഷം ഏറെ ചർച്ചയാവുന്നത്. സമസ്തയിലെ ലീഗ് വിരുദ്ധർ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന പ്രസ്താവനയോട് ഇപ്പോൾ മൗനം അവലംബിക്കുന്ന ലീഗ് നേതൃത്വം തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ കാത്തിരിക്കുകയാണ്.

കൂട്ടിയും കിഴിച്ചും മുന്നണികൾ

സമസ്ത - മുസ്‌ലിം ലീഗ് ഭിന്നത പൊന്നാനിയിൽ സജീവ ചർച്ചയാക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷം കാത്തിരിക്കുന്നത്. ടീം സമസ്ത പൊന്നാനിയുടെ പേരിൽ പരസ്യപ്രചാരണം അവസാനിച്ചതിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ വീഡിയോയിലൂടെ സമസ്ത അണികളെ സ്വാധീനിക്കാനായെന്ന വിലയിരുത്തലിലാണ് ഇടതുക്യാമ്പ്. സാമുദായിക സംഘടനകളുടെ പിന്തുണയോടെയാണ് താൻ മത്സരിച്ചതെന്ന ഹംസയുടെ അവകാശവാദത്തിന്റെ പൊരുളും തിരഞ്ഞെടുപ്പ് ഫലത്തോടെ പുറത്തുവരും. സുന്നി വോട്ടുകൾ ഭിന്നിച്ചെങ്കിലും എസ്.ഡി.പി.ഐ, ജമാഅത്തെ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടത് തിരിച്ചയാവുമോയെന്ന ആശങ്ക ഇടത് ക്യാമ്പിനുണ്ട്. പൊന്നാനി ലോക്‌സഭാ മണ്ഡലം സംബന്ധിച്ച സി.പി.എമ്മിന്റെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളുന്ന മുസ്‌ലിം ലീഗ് നേതൃത്വം വോട്ടിംഗ് യന്ത്രങ്ങളുടെ തകരാർ,​ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ്,​ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരം എന്നിങ്ങനെയാണ് പോളിംഗ് കുറയാനുള്ള കാരണമായി നിരത്തിയിട്ടുള്ളത്. പൊന്നാനിയിലും മലപ്പുറത്തും സമസ്ത വോട്ട് ചോർന്നതിനൊപ്പം കോൺഗ്രസ് വോട്ടുകളിലും കുറവുവന്നതായാണ് മുസ്‌‌ലിം ലീഗിന്റെ ആഭ്യന്തര വിലയിരുത്തൽ. കോൺഗ്രസിന് വേരോട്ടമുള്ള പൊന്നാനിയിലും തൃത്താലയിലുമടക്കം പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. തിരഞ്ഞെടുപ്പ് ഫലത്തോടെ മലപ്പുറത്ത് ലീഗ് - കോൺഗ്രസ് ബന്ധത്തിൽ വീണ്ടും വിള്ളലുണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്.

വല്ലാത്തൊരു കുത്ത്

തിരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗത്തിൽ മുസ്‌ലിം ലീഗ് നേതൃത്വം ഏറെ ചർച്ച ചെയ്തത് ടീം സമസ്ത പൊന്നാനിയുടെ വേര് കണ്ടെത്തുന്നത് സംബന്ധിച്ചായിരുന്നു. സമസ്ത - മുസ്‌‌ലിം ലീഗ് ഭിന്നതയുടെ പശ്ചാത്തലത്തിൽ നിശബ്ദ പ്രചാരണ ദിവസം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ 'വോട്ട് കുത്തും മുമ്പേ ഓർമ്മിക്കേണ്ട കുത്തുകൾ' എന്ന വീഡിയോ ടീം സമസ്ത പൊന്നാനി എന്ന പേരിൽ പ്രചരിപ്പിച്ചത് ലീഗിനെ വെട്ടിലാക്കിയിരുന്നു. പൊന്നാനിയിലേയും മലപ്പുറത്തേയും സ്ഥാനാ‌ർത്ഥികളും സാദിഖലി തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ.സലാം എന്നിവരും മുമ്പ് സമസ്തയെ വിമർശിച്ച പ്രസംഗങ്ങൾ കോർത്തിണക്കിയതാണ് വീഡിയോ. സമസ്ത മെമ്പർഷിപ്പ് ഡാറ്റയിലെ നമ്പറുകൾ ശേഖരിച്ച് വാട്സ് ആപ്പ് മുഖേന കൃത്യമായ പ്രചാരണം നടത്തി. സമസ്ത അണികളിൽ ലീഗ് വിരുദ്ധ വികാരമുണർത്താവുന്ന വീഡിയോയ്ക്ക് മറുപടി നൽകാനും എതിർതന്ത്രങ്ങൾ മെനയാനും ലീഗിന് സാവകാശം ലഭിച്ചില്ല. പ്രത്യക്ഷത്തിൽ സംഘടനാ രൂപമോ നേതൃത്വമോ ഇല്ലാതിരുന്ന ടീം സമസ്തയ പൊന്നാനി ലീഗിനെതിരെ കരുക്കൾ നീക്കിയതെല്ലാം സോഷ്യൽ മീഡിയകൾ വഴിയായിരുന്നു. സമസ്ത പോഷക സംഘടനാ നേതാക്കളുടെ പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ലീഗിന്റെ കണക്കുകൂട്ടലുകൾക്ക് അപ്പുറം വോട്ട് ചോർച്ചയുണ്ടായാൽ സമസ്ത - ലീഗ് ബന്ധത്തിൽ കൂടി അതിന്റെ അലയൊലികൾ ഉണ്ടാവും.