kkkkkkkkk

മലപ്പുറം: സമസ്തയ്ക്കും പ്രസിഡന്റ് ജിഫ്രി തങ്ങൾക്കുമെതിരെ ഒളിയമ്പുമായി മുജാഹിദ് (മർകസുദ്ദഅവ)​ വിഭാഗം രംഗത്ത്. മുസ്‌ലിം സമുദായത്തിന്റെ ആഭ്യന്തര ശൈഥില്യത്തിന് വഴിവയ്ക്കുന്നവർ വീണ്ടുവിചാരത്തിന് തയ്യാറാവണമെന്ന് കെ.എൻ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇസ്‌ലാമിനെയും മുസ്‌ലീങ്ങളെയും ശത്രുപക്ഷത്ത് നിറുത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്ന സങ്കീർണമായ സാഹചര്യത്തിൽ സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും ഉറപ്പുവരുത്താൻ ബാദ്ധ്യതപ്പെട്ട പണ്ഡിതന്മാർ ശിഥിലീകരണ ശക്തികൾക്ക് അടിപ്പെടുന്നത് ആപത്കരമാണെന്നും യോഗം മുന്നറിയിപ്പേകി.

രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ മുസ്‌ലിം സംഘടനകളിൽ ഭിന്നതയും പിളർപ്പുമുണ്ടാക്കാൻ ഇറങ്ങിത്തിരിച്ചവരെ തിരിച്ചറിയാൻ പണ്ഡിതൻമാർക്ക് കഴിയുന്നില്ലെങ്കിൽ സമുദായം വലിയ വില നൽകേണ്ടിവരും. പുറത്തുനിന്നുള്ള ചൂണ്ടയിൽ കൊത്തി സമുദായത്തിന്റെ രാഷ്ട്രീയവും സംഘടനാതലവുമായ ശക്തിയും ഐക്യവും ക്ഷയിപ്പിക്കാൻ രംഗത്തിറങ്ങുന്നവർക്ക് കാലം മാപ്പ് നൽകില്ല. നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി പിളരാനും തമ്മിലടിക്കാനും നേതൃത്വം നൽകുന്നവർ തെറ്റുതിരുത്താൻ തയ്യാറാവണം. ഭിന്നിപ്പിന്റെയും ശത്രുതയുടെയും ശക്തികളെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പാതയിലേക്ക് നയിക്കാൻ മുസ്‌ലിം സമുദായ നേതൃത്വങ്ങൾ ഒന്നിക്കണമെന്നും കെ.എൻ.എം മർകസുദഅ്‌വ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.അഹ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി. ഉമർസുല്ലമി ഉദ്ഘാടനം ചെയ്തു.

പ്രബോധനത്തിന് പിന്നാലെ

ജമാഅത്തെ ഇസ്‌ലാമിയുടെ വാരികയായ പ്രബോധനത്തിലും സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജിഫ്രി തങ്ങൾ പ്രസിഡന്റായ ശേഷമാണ് സമസ്തയിൽ സി.പി.എം ഫ്രാക്‌ഷൻ രൂപീകരിച്ചതെന്നും സമുദായ ശിഥിലീകരണത്തിന് സമസ്തയിലെ ഈ വിഭാഗം തലവച്ചുകൊടുക്കുകയാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്.

ഇതിനു പിന്നാലെയാണ് മുജാഹിദ് വിഭാഗം സി.പി.എമ്മിനെ അടക്കം പരോക്ഷമായി വിമർശിച്ച് രംഗത്തുവന്നത്.