d

നിലമ്പൂർ : റീ ബിൽഡ് കേരളയുടെ മറവിൽ 59-ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ വനംവകുപ്പ് ശ്രമിക്കുന്നതായി ആരോപണം. നിലമ്പൂർ റേഞ്ചിൽ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിൽപ്പെട്ട ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂരിൽ ആലോടി,​ കാനക്കുത്ത് എന്നിവിടങ്ങളിലെ 59 നിർധന കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്.

1979ൽ പട്ടയം കിട്ടി പരമ്പരാഗതമായി കൈമാറ്റം ലഭിച്ച് 75 വർഷത്തോളമായി താമസിച്ചു വരുന്നതാണ് ഇവിടത്തെ ഭൂമി. വന്യജീവി ശല്യം രൂക്ഷമായ പ്രദേശങ്ങളിലുള്ളവരെ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് പദ്ധതി.
പണം നൽകുകയോ പുനരധിവാസം നടപ്പിലാക്കുകയോ ചെയ്യാതെ താമസക്കാരെ കൈയേറ്റക്കാരായി ചിത്രീകരിക്കാൻ ശ്രമമെന്നാണ് ആരോപണം. നിലവിലുള്ള ഭവന നിർമ്മാണ പ്രവർത്തനങ്ങളും വനംവകുപ്പ് തടയുന്നത് കനത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കുന്ന ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വരെ നൽകും. കുടുംബത്തിൽ പ്രായപൂർത്തിയായ കുട്ടികളുണ്ടെങ്കിൽ വേറെയും 15 ലക്ഷം രൂപ ലഭിക്കും. പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചുവരുന്ന എസ്.സി വിഭാഗത്തിൽപ്പെട്ട പലരുടെയും വീടുകളുടെ പിൻഭാഗത്ത് സർവ്വേ കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിർത്തി നിർണ്ണയം മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളതെങ്കിലും കുടിയൊഴിപ്പിക്കാനുള്ള അമിത ഉത്സാഹമാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ളതെന്നാണ് താമസക്കാരുടെ ആരോപണം.

ലൈഫ് ഭവന നിർമ്മാണവും തടഞ്ഞു.
1979ൽ പട്ടയം ലഭിച്ച സഹോദരങ്ങളായ മാന്നന്നൂർ നാരായണനും മാങ്ങന്നൂർ നാരായണിക്കും ലൈഫ് മിഷന്റെ പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ട്. വീടിന്റെ തറയുടെ പണി തീർന്നെങ്കിലും നിർമ്മാണം വനം വകുപ്പ് തടയുകയാണ്. വീടുവയ്ക്കാൻ വേറെ സ്ഥലമില്ലാത്തതിനാൽ നിലവിലുള്ള വീട് പൊളിച്ചാണ് പുതിയ വീടിന്റെ പണികൾ ആരംഭിച്ചത്. എന്നാൽ കരിങ്കൽ കെട്ട് പൂർത്തിയാക്കും മുൻപേ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമ്മാണം പാടില്ലെന്ന് നിർദ്ദേശിച്ചു. നിർമ്മാണത്തിനുള്ള അടുത്ത ഗഡു കൊടുക്കരുതെന്നാവശ്യപ്പെട്ട് ചാലിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. ഇതുവരെയുള്ള പ്രവൃത്തികൾക്കായി കരാറുകാരൻ 1.10 ലക്ഷം ചെലവാക്കിയിട്ടുണ്ട്. ഈയിനത്തിൽ കരാറുകാരന് 40,​000 രൂപ നൽകാനുണ്ട്. പുതിയ ഗ‌ഡു അനുവദിക്കാത്തതിനാൽ ഇതെങ്ങനെ നൽകാനാവുമെന്ന് ഇരുവർക്കുമറിയില്ല.

ഇത് പട്ടയഭൂമിയാണ്. ഇത്രയും കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അനുവദിക്കാനാവില്ല.

തോണിയിൽ സുരേഷ്,​

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ,​ ചാലിയാർ പഞ്ചായത്ത്

നിർധന കുടുംബങ്ങൾക്ക് നേരെയുള്ള അനീതി എന്തുവിലകൊടുത്തും ചെറുക്കും. ഇക്കാര്യത്തിൽ മനുഷ്യത്വപരമായി നിലപാടുണ്ടാവണം.

മഞ്ജു അനിൽ,​ അഞ്ചാം വാർഡംഗം