മലപ്പുറം: മഴ തുടങ്ങിയതോടെ വാഴക്കാട് കക്കാട്ടിരി ഭാഗത്തെ കുന്നിന്റെ താഴ്‌വാരത്ത് താമസിക്കുന്നവർ കഴിയുന്നത് കടുത്ത ഭീതിയിൽ. ഒരാഴ്ച മുമ്പുണ്ടായ ശക്തമായ മഴയിൽ വലിയ തോതിൽ മണ്ണിടിഞ്ഞ് പ്രദേശത്തെ മൂന്ന് വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. വാഴയിൽ കക്കാട്ടിരി അൻവർ ഷരീഫ്, കക്കാട്ടിരി മഹേഷ്, അബ്ദുൽ റസാഖ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. മഴ കനക്കുന്നതോടെ കൂടുതൽ വീടുകൾ അപകടത്തിലാവും.
കക്കാട്ടിരി ഭാഗത്തെ റോഡിന് മുകളിലായി കുന്നിടിച്ച് പുതിയ വീട് നിർമ്മാണം നടക്കുന്നതാണ് അപകട കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. അനധികൃതമായി നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന ഇവിടെ മീറ്റർ കണക്കിന് ഉയരത്തിൽ മണ്ണെടുക്കുകയും അശാസ്ത്രീയമായ രീതിയിൽ മണ്ണിടുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. മഴ കനത്തതോടെ മുടക്കോഴി മലയിലെ പ്രവർത്തനം നിറുത്തിയ ചെങ്കൽ ക്വാറികളിൽ വെള്ളം കെട്ടിനിൽക്കുന്നത് വലിയ സുരക്ഷാപ്രശ്നങ്ങൾക്കിടക്ക് ഇടയാക്കുന്നുണ്ട്. കുഴികളിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് താഴ്‌വാരത്തേക്ക് എത്തുന്നതും മണ്ണിടിച്ചിലിന് കാരണമാകുന്നുണ്ട്.
തകർച്ച കുടിയിരിപ്പിനിടെ
നിർമ്മാണം പൂർത്തിയാക്കി താമസത്തിന് തയ്യാറെടുക്കുകയായിരുന്നു കക്കാട്ടിരി മഹേഷ്. ലൈഫ് ഭവന പദ്ധതി വഴി അനുവദിച്ച തുക കൂടാതെ ബാങ്കിൽ നിന്ന് വായ്പയുമെടുത്താണ് വീട് നിർമ്മിച്ചത്. അപകടത്തിൽ മഹേഷിന്റെ വീടിന്റെ പില്ലറിന്റേയും തറയിലെയും മണ്ണ് ഒലിച്ചുപോയി. ഏത് നിമിഷവും വീട് നിലംപൊത്താമെന്ന സ്ഥിതിയിലാണ്. സമീപവാസിയായ അൻവർ ഷരീഫിന്റെ വീടിന്റെ സുരക്ഷാ ഭിത്തി തകരുകയും വീടിനുള്ളിൽ മുഴുവനായും വിള്ളൽ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. റസാഖിന്റെ വീടിന്റെ മുകളിലേക്ക് ഭാഗികമായി മണ്ണിടിഞ്ഞ് വീണ് നാല് ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.
മഴ ശക്തമായാൽ മൂന്ന് വീടുകളും നിലംപതിക്കും. അനധികൃത മണ്ണെടുപ്പും സുരക്ഷാഭീഷണിയും വാഴക്കാട് പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമെടുത്തിട്ടില്ല.
അൻവർ ഷെരീഫ്
മൂന്ന് കൊല്ലമായി കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്. ഏഴ് വർഷമായി വാടക വീട്ടിലാണ്. ആത്മഹത്യയല്ലാതെ വഴിയില്ല. ബാങ്കിൽ നിന്ന് ലോണെടുത്താണ് വീട് വച്ചത്.
മഹേഷ്