മലപ്പുറം: മുസ്‌ലിം ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ പിടിമുറുക്കാൻ യൂത്ത് ലീഗിന്റെ തീരുമാനം. പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ യുവപ്രാതിനിധ്യമെന്ന ആവശ്യം ശക്തമാക്കാൻ ഇന്നലെ മലപ്പുറത്ത് ചേർന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
പിന്നീട് പരിഗണിക്കാമെന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തേകിയ ഉറപ്പ് പാലിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉചിതമായ തീരുമാനം സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ കൈക്കൊള്ളുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. പി.കെ.ഫിറോസ്, പി.എം.എ. സലാം, അഡ്വ. ഫൈസൽ ബാബു, കെ.എം.ഷാജി, അഡ്വ. ഹാരിസ് ബീരാൻ, വ്യവസായി അൻവർ അമീൻ ചേലാട്ട് എന്നിവർ രാജ്യസഭാ സീറ്റിൽ നോട്ടമിട്ടിട്ടുണ്ട്.
കാഫിർ പ്രയോഗം:
പ്രതിയെ കണ്ടെത്തണം
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ആസൂത്രണം ചെയ്ത വടകരയിലെ കാഫിർ പ്രയോഗത്തിന് പിന്നിലെ കുറ്റവാളിയെ കണ്ടെത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ ഉന്നതരുടെ പങ്ക് വെളിച്ചത്താകുമെന്നതിനാൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.