ccc

മലപ്പുറം: മഴ കനക്കുന്നതോടെ ജലാശയ അപകടങ്ങൾ വർദ്ധിക്കുമെന്നതിനാൽ വേണം ജാഗ്രത. ഈ വർഷം ഇതുവരെ 22 ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വർഷം 127 പേരാണ് മുങ്ങിമരിച്ചത്. മൺസൂൺ മഴക്കാലത്താണ് നല്ലൊരു പങ്ക് മുങ്ങിമരണങ്ങളും നടക്കുന്നത് എന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ, പൊന്നാനി മേഖലകളിലാണ് അപകടങ്ങൾ ഏറെയും. അപരിചിതമായ സ്ഥലത്തിറങ്ങി അപകടത്തിൽപ്പെടുന്നവരുടെ എണ്ണമാണ് കൂടുതൽ. ഇരായാകുന്നവരിൽ നല്ലൊരു പങ്കും കുട്ടികളാണ്. കഴിഞ്ഞ ദിവസം വേങ്ങര കിളിനക്കോട്ടെ കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ 15കാരൻ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. നാട്ടിൽപുറങ്ങളിലെ ചെറിയ ജലാശയങ്ങളിൽ നീന്തൽ പഠിച്ച് വലിയ കുളങ്ങളിലും പുഴകളിലുമെത്തി അപകടം സംഭവിക്കുന്നവരുമുണ്ട്. നീന്തൽ അറിയുന്നവർ പോലും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. മൺസൂൺ മഴക്കാലത്ത് സ്‌കൂൾ അവധി ദിവസങ്ങളിൽ കുട്ടികൾ കൂട്ടത്തോടെ ജലാശയങ്ങളിലെത്തി ഉല്ലസിക്കുന്നതിനിടയിലാണ് കൂടുതൽ അപകടങ്ങളും സംഭവിക്കാറുള്ളത്.

മിടിപ്പിൽ ആയിരം

അപകടം സംഭവിച്ച ശേഷമുള്ള പ്രതിവിധികളല്ല, അപകടങ്ങൾ വരാതിരിക്കാനുള്ള ജാഗ്രതയും മുൻകരുതലുമാണ് വേണ്ടത്. മിടിപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കുന്നുണ്ട്. സ്കൂളുകളുമായും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നീന്തൽ അറിയാത്ത കുട്ടികളെ കണ്ടെത്തുന്നതും പരിശീലനത്തിനുള്ള കുളം സജ്ജമാക്കുന്നതും.

ഇ.കെ.അബ്ദുൽ സലീം, സ്റ്റേഷൻ ഓഫീസർ മലപ്പുറം