പാലക്കാട്: രക്ഷിതാക്കൾക്ക് വിദ്യാവാഹൻ ആപ്പ് വഴി ഇനി മുതൽ സ്കൂൾ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാം. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഈ ആപ്പ് ഉപയോഗിച്ച് സ്കൂൾ വാഹനങ്ങളുടെ സഞ്ചാരഗ ഗതി മനസിലാക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ ബസിലെ ആയയുമായി(അറ്റൻഡർ) സംസാരിക്കാനും സാധിക്കും. രാവിലെയും വൈകിട്ടും സ്കൂൾ ബസിനായുള്ള കാത്തിരിപ്പ് ഒഴിവാക്കാമെന്നതാണ് ആപ്പിന്റെ പ്രധാന ഗുണം. വാഹനം അമിത വേഗതയിലാണോ, റൂട്ട് മാറി സഞ്ചരിക്കുന്നുണ്ടോ തുടങ്ങി മറ്റു വിവരങ്ങളും ലഭിക്കും. അതേസമയം വാഹനം സഞ്ചരിക്കുന്ന സമയത്ത് ഡ്രൈവർമാരെ വിളിക്കാൻ സാധ്യമല്ല.
എല്ലാ സ്കൂൾ അധികൃതർ സുരക്ഷ മിത്ര വെബ് പോർട്ടലിൽ സ്കൂൾ വാഹനങ്ങളുടെയും അതിലെ ജീവനക്കാരുടെയും വിവരങ്ങൾ അപ്ലോഡ് ചെയ്ത് പ്രസ്തുത വിവരം രക്ഷിതാക്കൾക്ക് കൈമാറണം.
ഓരോ വിദ്യാർത്ഥിയും പോകുന്ന വാഹനം വ്യത്യസ്തമാണെന്നതിനാൽ വാഹനങ്ങളുടെ വിവരങ്ങൾ രക്ഷിതാക്കൾക്ക് പ്രത്യേകമായി കൈമാറണമെന്നാണ് ആർ.ടി.ഒയുടെ നിർദ്ദേശം.