എടക്കര: ചൈൽഡ് വെൽഫെയർ കമ്മിറ്റി നടപ്പാക്കുന്ന 'ബാലസൗഹൃദ ഭവനങ്ങൾ' പദ്ധതിയുടെ ഭാഗമായി നെടുങ്കയം ആദിവാസി കോളനിയിലെ കുട്ടികൾക്കായി ബാലസൗഹൃദ അദാലത്ത് സംഘടിപ്പിച്ചു. പൂട്ടിക്കിടക്കുന്ന നെടുങ്കയം ബദൽ സ്‌കൂൾ എൽ.പി സ്‌കൂളാക്കി മാറ്റണമെന്ന് കോളനി നിവാസികൾ ആവശ്യമുന്നയിച്ചു. ഉച്ചക്കുളത്തേക്ക് കോളനി മാറ്റിയപ്പോൾ സ്‌കൂളും മാറ്റിയിരുന്നു. തിരികെ നെടുങ്കയത്തേക്ക് കോളനി വരികയും സ്‌കൂൾ ഉച്ചക്കുളത്ത് തന്നെയാവുകയും ചെയ്തു. അഞ്ച് കിലോമീറ്റർ അകലെയാണ് സ്കൂൾ. വന്യജീവികളുടെ ശല്യമുള്ള കാട്ടിലൂടെ പോയി പഠിക്കേണ്ട അവസ്ഥയാണെന്നും നെടുങ്കയത്തെ ബദൽ സ്‌കൂൾ എൽ.പി.സ്‌കൂളാക്കണമെന്നുമാണ് കോളനിക്കാരുടെ ആവശ്യം.