പാലക്കാട്: ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇളവുകളോടെ മേയ് ആറ് വരെ നിയന്ത്രണങ്ങൾ തുടരും. പ്രൊഫഷണൽ കോളേജുകൾ, മെഡിക്കൽ കോളേജുകൾ ഉൾപ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങൾ ട്യൂട്ടോറിയൽസ്, അഡീഷണൽ ക്ലാസുകൾ, സമ്മർ ക്ലാസുകൾ എന്നിവ മേയ് 6 വരെ ഓൺലൈനായി മാത്രമേ നടത്താൻ പാടുള്ളൂ എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ ഡോ. എസ്.ചിത്ര അറിയിച്ചു.
രാവിലെ 11 മുതൽ 3 വരെ കായിക പരിപാടികൾ, പരേഡുകൾ എന്നിവ പാടില്ല. ആയുർവേദ, ഡെന്റൽ വിഭാഗങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ക്ലാസുകൾ ഓൺലൈനായി നടക്കും. ആസ്ബറ്റോസ്, ട്വിൻ ഷീറ്റിന് കീഴിൽ താമസിക്കുന്ന തൊഴിലാളികളെ ഉടൻ മാറ്റി താമസിപ്പിക്കാൻ തൊഴിലുടമകൾക്ക് നിർദ്ദേശമുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് അടിയന്തര പ്രാധാന്യത്തോടെ ഫയർ ഓഡിറ്റ് നടത്തണം. രാവിലെ 11 മുതൽ വൈകീട്ട് 3 വരെ കന്നുകാലികളെ മേയാൻ വിടാൻ പാടുള്ളതല്ല. തോട്ടം മേഖലകളിലെ ലയങ്ങളിൽ പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാരും ആദിവാസി മേഖലകളിൽ ട്രൈബൽ വകുപ്പ് ട്രൈബൽ പ്രമോട്ടർമാർ വഴിയും കുടിവെള്ളം ഉറപ്പാക്കാൻ നിർദ്ദേശമുണ്ട്.
ഡാമുകൾ തുറന്നു
കുടിവെള്ള ദൗർലഭ്യം പരിഗണിച്ച് നിലവിൽ മംഗലം, അപ്പർ ഭവാനി ഡാമുകൾ തുറന്നിട്ടുണ്ട്. സാഹചര്യം പരിശോധിച്ച് ആവശ്യമെങ്കിൽ മലമ്പുഴ ഡാം തുറക്കുമെന്നും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആവശ്യമുളള സ്ഥലങ്ങളിൽ കുടിവെളള വിതരണം നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.