നെല്ലിയാമ്പതി: കത്തിയെരിയുന്ന ചൂടിൽ തണുപ്പ് തേടി നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻകുറവ്. ചൂട് കൂടിയതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ വരവ് പേരിനുമാത്രമായി. കഴിഞ്ഞ ഞായറാഴ്ച 213 വാഹനങ്ങളിലായി 450ൽ താഴെ പേർ മാത്രമാണ് നെല്ലിയാമ്പതിയിലേക്ക് എത്തിയത്. കഴിഞ്ഞവർഷം ഈ സമയത്ത് വനംവകുപ്പിന്റെ പോത്തുണ്ടി ചെക്ക് പോസ്റ്റുവഴി പ്രതിദിനം ശരാശരി 1,5001,800 വാഹനങ്ങളിലായി 3,500ലധികം പേരാണ് എത്തിയിരുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ 2,000ത്തിനുമുകളിൽ വാഹനങ്ങളും 5,000ത്തിലേറെ ആളുകളുമാണ് എത്തിയിരുന്നത്. ഈ വർഷം വാരാന്ത്യങ്ങളിലൊഴികെ നൂറിൽത്താഴെ വാഹനങ്ങൾ മാത്രമാണ് വിനോദസഞ്ചാരികളുമായി എത്തുന്നതെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
നെല്ലിയാമ്പതി കാരപ്പാറയിൽ കെ.എസ്.ഇ.ബി സ്ഥാപിച്ച മാപിനിയിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയത് 36.4 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ചൂട് കൂടുതൽ അനുഭവപ്പെടുന്ന ഏപ്രിലിൽ കഴിഞ്ഞവർഷം 32 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പാലക്കാടിന്റെ കാലവസ്ഥയിൽനിന്ന് മാറി പകൽസമയത്തുപോലും കോടമഞ്ഞും തണുത്ത കാറ്റും ലഭിച്ചിരുന്ന നെല്ലിയാമ്പതിയിൽ ഇപ്പോൾ ഫാനില്ലാതെ മുറിക്കുള്ളിൽ കഴിയാൻ പറ്റാത്ത സ്ഥിതിയായെന്ന് പ്രദേശവാസികൾ പറയുന്നു.
താപനില 20 ഡിഗ്രി
പകൽ ചൂട് കൂടിയാലും രാത്രി തണുപ്പുണ്ടായിരുന്നതിനാലാണ് സഞ്ചാരികൾ കൂടുതലും നെല്ലിയാമ്പതിയിൽ എത്തിയിരുന്നത്. എന്നാൽ മൂന്നു വർഷമായി രാത്രി താപനിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. കൂടുതൽ തണുപ്പുള്ള നവംബർ, ഡിസംബർ മാസങ്ങളിൽ സാധാരണ 10 - 12 ഡിഗ്രി സെൽഷ്യസായിരുന്നത് ഇത്തവണ 14 - 16 ഡിഗ്രി ആയി. ഇപ്പോൾ നെല്ലിയാമ്പതിയിലെ രാത്രി താപനില 20 ഡിഗ്രിയാണ്.