മണ്ണാർക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ഒരു മാസം കൂടി ബാക്കി നിൽക്കേ ഇടത് സ്ഥാനാർത്ഥി എ.വിജയരാഘവനെ നിയുക്ത എം.പിയെന്ന് അഭിവാദ്യമർപ്പിച്ച് സി.പി.എമ്മിന്റെ ഫ്ലക്സ് ബോർഡ്. എടത്തനാട്ടുകര പൊൻപാറയിലാണ് ഫ്ളക്സ് ഉയർന്നത്. ഫലം തങ്ങൾക്കനുകൂലമാകുമെന്ന് സി.പി.എം നേതാക്കളുടെയും അണികളുടെയും വലിയ ആത്മവിശ്വാസമാണ് ഇതിന് പിന്നിൽ. എന്നാൽ പ്രവർത്തകർ ആവേശത്തിന്റെ പുറത്ത് വച്ചതാകാമെന്നും ഈ പ്രവണത ശരിയല്ലെന്നും സി.പി.എം നേതാവ് പി.കെ.ശശി പ്രതികരിച്ചു. കഴിഞ്ഞ തവണ ഇതു പോലെ റിസൽട്ട് വരും മുമ്പേ എം.ബി.രാജേഷിന്റെ വിജയഗാനം തയ്യാറാക്കിയതും പുറത്തുവന്നതും സി.പി.എമ്മിന് ക്ഷീണമായിരുന്നു.
സി.പി.എം സ്ഥാപിച്ച ഫ്ളക്സ് ബോർഡ് പൊലീസെത്തി നീക്കം ചെയ്തു. സംഭവം വിവാദമായതോടെയാണ് നാട്ടുകൽ പൊലീസ് ഇടപെട്ടത്. ഇതിന് പിന്നാലെ മണ്ണാർക്കാട് നഗരസഭയും പൊതു ഇടങ്ങളിൽ വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും സ്ഥാപനങ്ങളും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകളും മറ്റും ഏത്രയുംവേഗം സ്വമേധാ നീക്കംചെയ്യണമെന്ന് അറിയിച്ചു. ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ പിഴ ചുമത്തുകയും പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും മുന്നറിയിപ്പും നൽകി.