പാലക്കാട്: കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിറുത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറ് പേർക്ക് വെട്ടേറ്റു. നാലുപേർക്ക് കല്ലേറിലും പരിക്കേറ്റു. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരന്റെ സഹോദരൻ നടരാജൻ, ഭാര്യ ശെൽവി, മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്.
കഴുത്തിൽ വെട്ടേറ്റ കുമാരനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തിരിച്ചുള്ള കല്ലേറിൽ അയൽവാസികളായ രമേശ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരിക്കേറ്റു. ഞായർ രാത്രിയുണ്ടായ തർക്കമാണ് ഇന്നലെ രാവിലെ വെട്ടിൽ കലാശിച്ചത്. കുമാരന്റെ മകൻ കാർത്തിക്കും സുഹൃത്തും പുറത്തുപോയിവന്ന ശേഷം വീടിന് മുൻവശത്ത് ബൈക്ക് നിർത്തിയിട്ടിരുന്നു. ഇതിനിടെ എത്തിയ അയൽവാസി രതീഷിന്റെ ഓട്ടോയിടിച്ച് ബൈക്ക് വീണു. ഇതേ ചൊല്ലി യാണ് ഇരുവീട്ടുകാരും തമ്മിൽ ഞായർ രാത്രി വാക്കുതർക്കം ഉണ്ടായത്.