മുതലമട: കടുത്ത വേനൽ വരൾച്ചയിൽ മുതലമട ഗ്രാമപഞ്ചായത്തിൽ വ്യാപകമായി കൃഷികൾ നശിച്ചു. ചമ്പക്കുഴിയിൽ പത്തേക്കറിൽ കൃഷി ചെയ്ത ആറുമാസം പ്രായമായ 5000 നേന്ത്രവാഴയും, ആയിരം തെങ്ങും തൈകളും, കായ്ഫലമെത്തിയ 30ലധികം മാവുമാണ് നശിച്ചത്. ജോസ് പി.ജേക്കബ്‌പെരിയപതിക്കാട്, രാജകുമാർ, നിഖിൽ പെരിയപതിക്കാട് എന്നീ കർഷകർ ഒരുമിച്ച് കൃഷിഭൂമി പാട്ടത്തിനെടുത്തായിരുന്നു കൃഷിയാണ് ഇറക്കിയിരുന്നത്. ഓണവിപണി ലക്ഷ്യം വച്ചാണ് നേന്ത്രവാഴ കൃഷി ചെയ്തത്. കൂടാതെ ആട്ടയാമ്പതിയിലെ വനിതാ കർഷകയായ മേരിയുടെ കായ്ഫലം എത്തിയ 10 ഓളം വരുന്ന ജാതിയും വറൾച്ച മൂലം കരഞ്ഞുണങ്ങിയിട്ടുണ്ട്.

വെള്ളം വറ്റി

രണ്ട് കുഴൽ കിണറുകൾ വെള്ളത്തിനായി കൃഷിയിടത്തിൽ ഉണ്ടായിരുന്നെങ്കിലും വേനൽ കടുത്തതോടെ മാർച്ച് അവസാനം അവ വറ്റിപ്പോയി. തുടർന്ന് 1050ലധികം അടി താഴ്ത്തി മൂന്ന് കുഴൽ കിണറുകൾ കുഴിച്ചെങ്കിലും വെള്ളം കിട്ടിയില്ല. ഇതോടെയാണ് വാഴകൾ കൂട്ടത്തോടെ നശിച്ചത്.

വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചു
കടുത്ത വരൾച്ച മൂലം സംസ്ഥാനത്ത് ആകെ ഉണ്ടാകുന്ന കാർഷിക മേഖലകളിലെ ആഘാതം വിലയിരുത്താനായി കൃഷിമന്ത്രിയുടെ നിർദ്ദേശപ്രകാരം നിയോഗിച്ച കൃഷി ഉദ്യോഗസ്ഥരുടെ വിദഗ്‌ദ്ധ സംഘം കൃഷിസ്ഥലങ്ങൾ പരിശോധിച്ച് സ്ഥിതി വിലയിരുത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത സാമുവൽ, ബ്ലോക്ക് മോഡൽ ഓഫീസർ സർവ്വാകലാശാല സൈന്റിസ്റ്റുമായ മാലിനി നിലാമുദീൻ, മുതലമട കൃഷി ഓഫീസർ അശ്വതി ഹേഷ്, കൃഷി അസിസ്റ്റന്റ് മാരായ ജിജി സുധാകർ, കവിതാ കെ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

വേനൽ കടുത്തതും ഡാമുകളിൽ വെള്ളം വറ്റിയതും പറമ്പിക്കുളം ആളിയാർ കരാർ പദ്ധതി പ്രകാരമുള്ള വെള്ളം ലഭിക്കാത്തതും കൃഷിക്ക് വൻ തിരിച്ചടിയായി. വിവിധ വായ്പകൾ എടുത്താണ് കൃഷി നടത്തിയത്. നഷ്ടപരിഹാരത്തിനായി സർക്കാർ സംവിധാനങ്ങളും കൃഷി വകുപ്പും കനിയണം.

ജോസ് പി.ജേക്കബ്‌, പെരിയപതിക്കാട്, കർഷകൻ.


കൃഷിവകുപ്പിന്റെ സഹായത്തോടെ ശാസ്ത്രീയമായി തന്നെയാണ് നേന്ത്രവാഴ കൃഷി ചെയ്തത്. കടുത്ത വരൾച്ചയും ജലക്ഷാമവും കൃഷിയെ പ്രതികൂലമായി ബാധിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥർക്കു വിശദമായ റിപ്പോർട്ട് സമർപ്പിക്കുകകയും കൃഷി വകുപ്പിന്റെ എല്ലാ സാഹയവും കർഷകർക്ക് ഉറപ്പ് വരുത്തും.

അശ്വതി ഹേഷ്, കൃഷി ഓഫീസർ, മുതലമട.