death

പാലക്കാട്: ജനവാസമേഖലയിലെത്തിയ കാട്ടാനകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ ആനയുടെ ആക്രമണത്തിൽ മാതൃഭൂമി സീനിയർ ന്യൂസ് കാമറാമാൻ എ.വി. മുകേഷിന് (34) ദാരുണാന്ത്യം. മലമ്പുഴ കൊട്ടേക്കാട് വെനോലി എളമ്പരക്കാടിന് സമീപം ജനവാസമേഖലയിൽ ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് ദുരന്തം.

കൃഷിയിടത്തിൽ കാട്ടാനയിറങ്ങിയ വാർത്ത ശേഖരിക്കാൻ റിപ്പോർട്ടർ ഗോകുൽ, ഡ്രൈവർ മനോജ് എന്നിവർക്കൊപ്പം മുകേഷ് പുലർച്ചെ ആറോടെ സ്ഥലത്തെത്തി. പി.ടി 5 (പാലക്കാട് ടസ്‌കർ അഞ്ച്), പി.ടി 14 (പാലക്കാട് ടസ്‌കർ 14) എന്നീ ആനകളുൾപ്പെടെ അവിടെയുണ്ടായിരുന്നു. കാട്ടാനകൾ കോരയാർ പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ അവയിലൊന്ന് തിരിഞ്ഞാക്രമിക്കുകയായിരുന്നു. ആന അടുത്തേക്ക് അതിവേഗത്തിൽ ഓടിയെത്തിയതോടെ സംഘം ചിതറിയോടി. സംഘാംഗങ്ങൾ പിന്നീട് മുകേഷിനെ തിരഞ്ഞെത്തിയപ്പോഴാണ് ആനയുടെ ചവിട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഇടുപ്പിനും തുടയെല്ലിനും സാരമായി പരിക്കേറ്റ മുകേഷിനെ ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീർഘകാലം മാതൃഭൂമി ഡൽഹി ബ്യൂറോയിൽ കാമറാമാനായിരുന്നു. ഒരുവർഷമായി പാലക്കാട് ബ്യൂറോയിലാണ്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി അവത്താൻ വീട്ടിൽ പരേതനായ ഉണ്ണിയുടെയും എ. ദേവിയുടെയും മകനാണ്. ഭാര്യ: ടിഷ. സഹോദരി: ഹരിത.

അടയാളം അതിജീവനം

ഡൽഹിയിൽ ജോലിചെയ്തിരുന്ന കാലത്തും പാലക്കാട്ടെത്തിയശേഷവുമായി മാതൃഭൂമി ഡോട്ട്‌കോമിൽ 'അതിജീവനം" എന്ന പേരിൽ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന 108 ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. പാലക്കാടിന്റെ സാമൂഹിക ജീവിതത്തെ തുറന്നുകാട്ടി സാധാരണക്കാരുടെ പ്രശ്നങ്ങളും പ്രതീക്ഷകളും അടങ്ങിയ ഒട്ടേറെ ഫ്രെയ്മുകൾ കാമറക്കണ്ണിലൂടെ അനുഭവവേദ്യമാക്കിയാണ് മുകേഷ് വിടപറയുന്നത്. ഇന്ത്യാവിഷനിലും ജോലി നോക്കിയിട്ടുണ്ട്.

മുകേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, സജി ചെറിയാൻ, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, ജോയിന്റ് മാനേജിംഗ് എഡിറ്റർ പി.വി.നിധീഷ് തുടങ്ങിയവർ അനുശോചിച്ചു.