kuruthichal

 13 പേരാണ് പത്തുവർഷത്തിനിടെ കുരുത്തിച്ചാലിൽ അകപ്പെട്ട് മരിച്ചത്.

മണ്ണാർക്കാട്: ഒരിടവേളയ്ക്കുശേഷം കുന്തിപ്പുഴയിലെ കുരുത്തിച്ചാലിൽ ഒരു ജീവൻകൂടി പൊലിഞ്ഞു.മലപ്പുറം വളാഞ്ചേരി സ്വദേശി രോഹന്റെ മരണം നാടിന് നടുക്കമായി. അപാരമായ ദൃശ്യ ഭംഗിയുണ്ടെങ്കിലും സന്ദർശനത്തിന് ഒട്ടും സുരക്ഷിതമല്ലാത്ത ഇടമാണ് കുരുത്തിച്ചാൽ പ്രദേശം. സൈലന്റ് വാലി മലനിരകളിൽ മഴപെയ്താൽ അപ്രതീക്ഷിതമായി പുഴയിൽ മലവെള്ളപാച്ചിലുണ്ടാകും. പുഴയാകട്ടെ നിറയെ കയങ്ങളും പാറക്കെട്ടുകളും നിറഞ്ഞതും. 2020ൽ കാടാമ്പുഴ സ്വദേശികളായ രണ്ട് യുവാക്കൾ കുരുത്തിച്ചാലിൽ ഒഴുക്കിൽപെട്ട് മരിച്ചതിനെ തുടർന്ന് സബ്കലക്ടർ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിട്ടിരുന്നു. മൈലാമ്പാടത്ത് നിന്ന് കുരുത്തിച്ചാലിലേക്ക് തിരിയുന്ന ഭാഗത്തായി റവന്യു വകുപ്പ് ചെക് പോസ്റ്റും സ്ഥാപിച്ചു. പൊലിസിന്റെ സേവനവും ഏർപ്പെടുത്തി. എന്നാൽ അടുത്തിടെ അപകട മുന്നറിയിപ്പുകളൊന്നും വകവെയ്ക്കാതെ ധാരാളം പേർ കുരുത്തിച്ചാലിലേക്ക് എത്തുകയാണ്. വേനൽ കനത്തതോടെ അവധി ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ. ചിലഘട്ടങ്ങളിൽ പൊലിസെത്തിയാണ് ആളുകളെ ഇവിടെ നിന്ന് നീക്കുക. കുരുത്തിച്ചാൽ സന്ദർശനത്തിന് നിരോധനമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് സബ് കലക്ടർ, ജില്ലാ കലക്ടർ എന്നിവർക്ക് മാർച്ചിൽ കത്ത് നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. കുരുത്തിച്ചാലിലേക്കുള്ള ആളുകളുടെ വരവ് നിയന്ത്രിക്കാൻ വനം, റവന്യു, എക്‌സൈസ് വകുപ്പുകൾ ഇടപെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.