water

പാലക്കാട്‌: ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യ കുടിവെള്ള പദ്ധതിയിൽ ജല അതോറിറ്റിക്ക് അധികബാദ്ധ്യത. ഗുണഭോക്താക്കളുടെ എണ്ണം ഒമ്പതുലക്ഷത്തിലേറെയായി. ആദ്യമായാണ് ഗുണഭോക്താക്കളുടെ എണ്ണം ഇത്രയും വർദ്ധിച്ചത്.

കുടിവെള്ളത്തിന്റെ മാസ ഉപയോഗം 15,000 ലിറ്ററിൽത്താഴെയുള്ള ബി.പി.എൽ കുടുംബങ്ങൾക്കാണ് ജല അതോറിറ്റി സൗജന്യമായി വെള്ളം നൽകുന്നത്.

മാസം 15,000 ലിറ്റർ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് ശരാശരി 216 രൂപവരെയെങ്കിലും ബിൽ വരും. ഗുണഭോക്താക്കളുടെ എണ്ണം ഉയർന്നതോടെ മാസം 10 കോടി രൂപയെങ്കിലും ജല അതോറിറ്റിക്ക് അധികബാദ്ധ്യത വരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം 65 കോടി രൂപയിലധികം സബ്സിഡി ഇനത്തിൽ വേണ്ടിവന്നു. ഫെബ്രുവരി മുതൽ വെള്ളത്തിന് യൂണിറ്റ് അടിസ്ഥാനത്തിൽ നിരക്കും വർദ്ധിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് പദ്ധതിയേതര ഫണ്ട് കിട്ടിയില്ലെങ്കിൽ ജല അതോറിറ്റിയുടെ വരുമാനം പ്രതിസന്ധിയിലാവും. ഗുണഭോക്താക്കളുടെ എണ്ണം കൂടിയതിനാൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ റേഷൻകാർഡ് ബി.പി.എൽ ഡാറ്റാബാങ്ക് ഉപയോഗിച്ച് അനർഹരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

ഗുണഭോക്താക്കളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു

ഇതുപ്രകാരം സംസ്ഥാനത്ത് 6.19 ലക്ഷം ഗുണഭോക്താക്കൾക്ക് വെള്ളം നൽകുന്നുണ്ട്. ഈവർഷം മൂന്ന് ലക്ഷത്തിലധികം പുതിയ അപേക്ഷകളും ലഭിച്ചു. ഇതോടെ ആകെ ഉപഭോക്താക്കളുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു.