പട്ടാമ്പി: നടപടിക്രമങ്ങൾ പാലിക്കാതെ മണ്ണ് കടത്തിക്കൊണ്ടുപോകുന്ന ലോറികൾ നാട്ടുകാർക്ക് ഭീഷണിയാവുന്നു. ദേശീയപാതാ നിർമ്മാണ പ്രവൃത്തികൾക്കായി മണ്ണ് കടത്തുന്ന ലോറികളാണ് തിരുമിറ്റക്കോട്, നാഗലശ്ശേരി പഞ്ചായത്തുകളിലെ പാതയോരങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കും റോഡരികിലെ താമസക്കാർക്കും വൻ ഭീഷണിയായി മാറിയിട്ടുള്ളത്. ഒരേ സമയത്ത് പത്തോളം ടോറസ് ലോറികൾ നിശ്ചയിച്ച ഭാരത്തേക്കാളേറെ ഭാരവുമായാണ് റോഡിലൂടെ നീങ്ങുന്നത്. ടാർപോളിൻ ഉപയോഗിച്ച് പുറത്തുള്ളവർക്ക് പൊടി ശല്യമേൽക്കാത്ത വിധമാകണം സഞ്ചരിക്കേണ്ടതെന്ന് നിയമങ്ങളുണ്ടെങ്കിലും ഇവിടുത്തെ പാതകളിൽ അതൊന്നും ബാധകമല്ല.
സുരക്ഷാ ക്രമീകരണങ്ങളില്ലാതെ വലിയ ലോറിയിൽ കൊണ്ട് പോകുകയായിരുന്ന മണ്ണ് അലക്ഷ്യമായി റോഡിന്റെ മദ്ധ്യത്തിൽ വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടച്ചുറപ്പിലാതെ ലോറിയുടെ ബോഡി തനിയെ തുറന്ന് നടുറോഡിൽ മണ്ണ് ചെരിയുന്നതിന്റ ദൃശ്യമാണ് നവമാദ്ധ്യമങ്ങളിൽ തരംഗമായത്. മദ്രസ വിദ്യാർത്ഥികൾ സ്ഥലത്തില്ലാത്തതിനാലും വാഹനത്തിന് തൊട്ടു പുറകിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാലുമാണ് വലിയൊരു ദുരന്തം ഒഴിവായത്. റോഡിലേക്ക് മണ്ണ് ഒന്നിച്ച് വീണതോടെ ഗതാഗതം തടസപ്പെട്ടിരുന്നു. ലോറിക്കാരും പ്രദേശവാസികളും ചേർന്ന് മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗത പുനഃസ്ഥാപിച്ചത്.
താമസം മാറ്റേണ്ട സ്ഥിതിയെന്ന് വീട്ടമ്മമാർ
കടുത്ത ചൂടും റോഡിൽ നിന്ന് ഉയരുന്ന പൊടിയും സമീപത്തെ വീടുകളിൽ താമസിക്കാൻ പറ്റാത്ത സ്ഥിതിയാണുണ്ടാക്കുന്നത്. കടകളിലുള്ള ഭക്ഷ്യധാന്യ വസ്തുക്കൾ വൻതോതിൽ നാശമാവുകയാണെന്ന് കടയുടമകളും പരാതിപ്പെടുന്നു.
ആദ്യ നാളുകളിൽ ജനങ്ങൾ ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. ദേശീയ പതാ നവീകരണത്തിന് സർക്കാരിന്റെ അനുമതിയോടെയാണ് മണ്ണെടുപ്പ് നടത്തുന്നതെന്നറിഞ്ഞതോടെ പ്രതിഷേധങ്ങളും ഇല്ലാതായി.