plus-two

ചിറ്റൂർ: പരിമിതമായ പഠനാന്തരീക്ഷത്തെ മറികടന്ന് ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ്ടു പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടി അക്ഷയ. അച്ഛൻ ഹരിദാസിന്റെ മരണ ശേഷം പുതുശ്ശേരി വാരിക്കാട്ടുച്ചുള്ളയിലുള്ള അമ്മാവൻ സുധീഷിന്റെ വീട്ടിലായി അക്ഷയയുടെ താമസം. കഴിഞ്ഞവർഷം പെയ്ത മഴയിൽ സുധീഷിന്റെ പഴയ വീടും നിലം പതിച്ചു. ഇതിനു ശേഷം താൽക്കാലികമായി നിർമ്മിച്ച ഷീറ്റ് മേഞ്ഞ ഒറ്റമുറിയിലാണ് അക്ഷയയും മുത്തശ്ശിയും അമ്മാവനുമുൾപ്പെടെ അഞ്ചു പേരടങ്ങുന്ന കുടുംബം താമസിച്ചു വരുന്നത്. മരം വെട്ടു തൊഴിലാളിയായ അമ്മാവൻ പറ്റാവുന്ന എല്ലാ പിന്തുണയും അക്ഷയയ്ക്ക് നൽകി. എങ്കിലും ഇവിടെ പഠനത്തിനു പ്രത്യേക സൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നു. രാത്രി രണ്ടു മണി വരെങ്കിലും ഉറക്കം ഒഴിച്ചിരുന്നാണ് പഠച്ചിരുന്നത്.

അതിനാൽ പ്രതിസന്ധികളെ മറികടന്ന് നേടിയ ഉന്നത വിജയത്തിന് പത്തര മാറ്റിന്റെ തിളക്കമുണ്ട്. പ്ലസ്ടു ഫലം അറിഞ്ഞപ്പോൾ മുതൽ അക്ഷയയും സുധീഷിന്റെ കുടുംബവും സമീവാസികളും ഏറെ സന്തോഷത്തിലാണ്. പലരും നേരിൽ കണ്ട് അനുമോദിച്ചു. പത്താം തരത്തിലും അക്ഷയ ഫുൾ എപ്ലസ് നേടിയിരുന്നു. എം.ബി.ബി.എസാണ് ലക്ഷ്യം. മരം വെട്ടു തൊഴിലാളിയായ അമ്മാവന്റെ വരുമാനത്തിൽ ഏങ്ങനെ ഈ സ്വപ്നം സാക്ഷാത്കരിക്കാമെന്നതിലാണ് അക്ഷയയുടെ ചിന്ത. എങ്കിലും പ്രതീക്ഷ കൈവിടാതെ സന്തോഷത്തിലാണ് അക്ഷയ.