mazha

നെന്മാറ: വേനൽച്ചൂടിന് ആശ്വാസം പകർന്നു മഴപെയ്തതോടെ റബ്ബർ തോട്ടങ്ങളോടു ചേർന്നുള്ള മേഖലകളിൽ കടുത്ത പ്രാണിശല്യം. കോട്ടെരുമകളും ഈയാംപാറ്റകളുമാണു കഴിഞ്ഞദിവസം രാത്രിയിൽ വൻതോതിൽ പെരുകിയത്. റോഡുകളിലും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും ഇവയുടെ ശല്യം രൂക്ഷമാവുകയാണ്. ഇതുമൂലം വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും രാത്രിയിൽ ലൈറ്റ് തെളിയിക്കാൻ പറ്റാത്ത അവസ്ഥയാണ്.

ചേവിണി, കോപ്പൻകുളമ്പ്, ഓവുപാറ, ചെട്ടികുളമ്പ്, കൈതച്ചിറ തുടങ്ങി റബ്ബർ തോട്ടങ്ങളോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിലെ വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും സന്ധ്യയോടെ വെളുത്ത വെളിച്ചമുള്ള ഭാഗത്തേക്കാണ് ഇവ കൂട്ടമായെത്തുന്നത്.

ഈയാം പാറ്റ പൊടിഞ്ഞ ദിവസങ്ങളിൽ ഭക്ഷണപദാർഥങ്ങൾ വിൽക്കുന്ന പല സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം രാത്രിയിൽ നേരത്തേ അടച്ചു. വീടുകളിൽ ലൈറ്റ് ഓഫ് ചെയ്താണു പലരും പ്രാണിശല്യത്തിൽനിന്നു രക്ഷ തേടുന്നത്. രാവിലെ പല വീടുകളുടെയും മുറ്റത്തും വീടിനകത്തും പ്രാണികൾ കൂട്ടത്തോടെ അരിച്ചുനടന്നു. വീടുകൾക്കുള്ളിൽ ചുമരിന്റെ കോണുകളിലും പാത്രങ്ങളിലും ജനലരികിലുമെല്ലാം ഇവയെ ധാരാളമായി കാണുന്നുണ്ട്.

മുപ്ലിവണ്ട്, ഓട്ടെരുമ, ഓലച്ചാത്തൻ, കരിഞ്ചെള്ള് എന്നീ പേരുകളിലും കോട്ടെരുമകൾ അറിയപ്പെടുന്നുണ്ട്. മണ്ണിൽ വീണു കിടക്കുന്ന റബ്ബർ ഇലകളുടെ അടിയിലാണു കോട്ടെരുമകൾ മുട്ടയിടുന്നത്. ചീഞ്ഞളിഞ്ഞ ഇലകളാണു ഭക്ഷിക്കുക. മണ്ണിൽതന്നെ സമാധിയാകും. മണ്ണിൽനിന്നു പുറത്തിറങ്ങുന്നത് മഴപെയ്യുമ്പോഴാണ്. ഇവ പുറപ്പെടുവിക്കുന്ന ചെറിയ ഗന്ധം പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.

വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നു

ഹൈമാസ്റ്റ് ലൈറ്റുകൾ ഉള്ള സ്ഥലങ്ങളിൽ കൂട്ടത്തോടെ പറക്കുന്ന കോട്ടെരുമകൾ വാഹനങ്ങളുടെ ഗ്ലാസിലും ബോഡിയിലും കൂട്ടത്തോടെ പറന്നെത്തി ഡ്രൈവിംഗിന് തന്നെ തടസമാകുന്നുണ്ട്. ഏറ്റവും ദുരിതം അനുഭവിക്കുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്. പലരും പ്രാണി ശല്യമുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ വാഹന ലൈറ്റുകൾ ഓഫ് ആക്കിയാണ് യാത്ര ചെയ്യുന്നത്. പലരുടെയും വസ്ത്രങ്ങളിലും ശരീരത്തിൽ അകത്തേക്ക് കയറിയും ഹെൽമെറ്റിനുള്ളിൽ കയറിയും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.