ഒറ്റപ്പാലം: മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നതും വേനൽമഴ കനത്ത് പെയ്തതും വറ്റിവരണ്ട ഭാരതപുഴയിൽ വീണ്ടും നീരൊഴുക്ക് സൃഷ്ടിച്ചു. ഇതോടെ ഒറ്റപ്പാലം, ഷൊർണൂർ മേഖലയിലെ കടുത്ത ജലക്ഷാമത്തിനും ആശ്വാസമായി.
ലക്കിടി തടയണ, ഒറ്റപ്പാലം മീറ്റ്ന തടയണ, ഷൊർണൂർ തടയണ എന്നിങ്ങനെ ഭാരതപ്പുഴയിലെ മിക്ക തടയണകളും നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്. പുഴയിൽ നീരൊഴുക്ക് തുടങ്ങുകയും ചെയ്തു. കടുത്ത വേനലിൽ പുഴയിലെ ചെക്ക് ഡാമുകൾ പോലും വരളുന്ന അവസ്ഥ ഇത്തവണത്തെ ജല പ്രതിസന്ധി രൂക്ഷമാക്കി. നിളയുടെ പ്രധാന കൈവഴികളായ ഗായത്രിപുഴയും, തൂതപ്പുഴയും, കുന്തിപുഴയും കടുത്ത വരൾച്ചയെ നേരിടേണ്ടിവന്നതും ഭാരതപ്പുഴയുടെ പ്രതിസന്ധി കൂട്ടി.
കഴിഞ്ഞ ദിവസങ്ങളിൽ രണ്ടര മണിക്കൂറിലേറെ കനത്തു പെയ്ത മഴ വേനൽ പ്രതിസന്ധിക്ക് ആശ്വാസം പകർന്നു. കുടിവെള്ള പദ്ധതികളിൽ വെള്ളമെത്തിയതോടെ വാട്ടർ അതോറിറ്റിയും നഗരസഭ അധികൃതരും ആശ്വാസത്തിലാണ്. വൈകിയെങ്കിലും കനത്ത വേനൽമഴ കിട്ടിയതോടെ വയലുകളിൽ കർഷകരും സജീവമായിറങ്ങി തുടങ്ങി. എന്നാൽ കാറ്റും മഴയും നിരവധി നേന്ത്രവാഴത്തോട്ടങ്ങളെ തകർത്തെറിഞ്ഞു.