ഷൊർണൂർ: മലമ്പുഴ ഡാം തുറന്നുവിട്ടതിനാലും മഴ കനത്തതിനാലും ഭാരത പുഴയിലെ ഷൊർണൂർ തടയണയുടെ ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കുമെന്ന് ഷൊർണൂർ ജല അതോറിറ്റി അറിയിച്ചു. തടയണക്ക് താഴ്ഭാഗത്ത് കുളിക്കാനിറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴക്കാലമെത്തുമ്പോൾ തടയണയുടെ ഷട്ടറുകൾ തുറന്ന് വിടുന്നത് തടയണയിൽ ചെളി അടിഞ്ഞുകൂടാതിരിക്കാൻ ഉപകരിക്കും. ശക്തമായ ഒഴുക്കിൽ ഷട്ടറുകൾ തകർന്ന് പോകാതിരിക്കാനുമാണ് വർഷകാലത്ത് തടയണയുടെ ഷട്ടറുകൾ തുറന്ന് വിടുന്നത്.

പഴയ കൊച്ചിൻപാലം

വീഴാവുന്ന അവസ്ഥയിൽ

തടയണയ്ക്ക് മേൽഭാഗത്തുള്ള തൂണുകൾ തകർന്നുകൊണ്ടിരിക്കുന്ന പഴയ കൊച്ചിൻ പാലം തകർന്ന് വീഴാറായ അവസ്ഥയിലാണ്. ഭാരത പുഴ നിറഞ്ഞൊഴുക്കുന്ന കുത്തൊഴുക്കിൽ പാലം ഇടിഞ്ഞു തകരാൻ സാധ്യതയുള്ളതായി വിദഗ്ദർ പറയുന്നു. അപകടം ഒഴിവാക്കാൻ പാലം പൊളിച്ചു നീക്കണമെന്ന നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ട വകുപ്പ് മേലധികാരികൾ ചെവിക്കൊള്ളുന്നില്ല. പാലം തകർന്നു വീണാലുണ്ടാവുന്ന ദുരന്തം സമീപപ്രദേശങ്ങളിലേക്ക് വെള്ളം ഇരച്ച് കയറാൻ ഇടയാക്കിയേക്കും. പുഴയുടെ ഒഴുക്ക് തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാവുമെന്നും സമീപവാസികൾ പറയുന്നു. കഴിഞ്ഞ രണ്ട് പ്രളയകാലത്താണ് പാലത്തിന്റെ തൂണുകൾ ചരിഞ്ഞ് വീണ് സ്പാനുകൾ കൂപ്പുകുത്തിയത്.