പാലക്കാട്: കോങ്ങാട് കോണിക്കഴിക്കടുത്ത് മുണ്ടൊള്ളി കീരിപ്പാറയിലെ പാറ ക്വാറിയിൽ കാൽ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേർ മരിച്ചു. വീടിനു സമീപത്തെ ക്വാറിക്ക് സമീപത്തുകൂടി സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിനിടെ മേഘജ് കാൽ വഴുതി വീഴുകയായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച അഭയും അപകടത്തിൽ പെടുകയായിരുന്നു.മുണ്ടൊള്ളി ചെഞ്ചുരുളി വീട്ടിൽ മണികണ്ഠന്റെ മകൻ മേഘജ് (18), ചെഞ്ചുരുളി വീട്ടിൽ രവീന്ദ്രന്റെ മകൻ അഭയ് (21) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി10.30 ഓടെയാണ് സംഭവം.
. ഉടൻ കോങ്ങാട് നിന്ന് അഗ്നിശമന സേനയെത്തി തെരച്ചിൽ നടത്തി. ആദ്യം മേഘജിന്റെയും പിന്നീട് രാത്രി 12.30 ഓടെ അഭയ്‌യുടെയും മൃതദേഹം കണ്ടെടുത്തു. ക്വറിയിൽ 50 അടിയോളം താഴ്ചയിൽ വെള്ളമുണ്ട്. പുലാപ്പറ്റ എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് ഈവർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ് മേഘജ്.
അമ്മ :ഗംഗാദേവി. സഹോദരി: മേഘന. കോയമ്പത്തൂർ നെഹ്റു കോളേജ് രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് അഭയ്. അമ്മ: സുപ്രിയ. സഹോദരങ്ങൾ: അമൽദേവ്, അജയ്‌ദേവ്.