trian

ആറ് പതിറ്റാണ്ട് പിന്നിട്ട ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടില്ലെന്നും അത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും ആശങ്കകൾ അവസാനിച്ചിട്ടില്ല. കഴിഞ്ഞ കുറേ കാലമായി പാലക്കാടിനോടുള്ള അവഗണനയും ചേർത്തുവായിക്കുമ്പോൾ യാത്രക്കാരുടെയും ജീവനക്കാരുടെയും ആശങ്കകൾ പാളം തെറ്റുകയാണ്. ഡിവിഷൻ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ ആശുപത്രിയുടെ ശോച്യാവസ്ഥയിൽ തുടങ്ങി പാസഞ്ചർ വണ്ടികൾ അനുവദിക്കുന്ന കാര്യത്തിൽ വരെ ചിറ്റമ്മനയം സ്വീകരിക്കുന്ന റെയിൽവേയുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. പാലക്കാട് - തൃശൂർ റൂട്ടിലും പാലക്കാട്‌ - ഷൊർണൂർ റൂട്ടിലും തിരക്ക് കുറക്കാൻ വൈകീട്ട് പാസഞ്ചർ ട്രെയിൻ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് നാളിതുവരെ ഒരു പരിഗണനപോലും ലഭിച്ചിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്.

 പിന്നിൽ കർണടക ലോബി

മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്തി കൊങ്കൺ റെയിൽവേ ശൃംഖല സംസ്ഥാനത്തിനുള്ളിൽ കൊണ്ടുവരണമെന്ന് ഡി.വി.സദാനന്ദ ഗൗഡ കർണാടകയിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആവശ്യപ്പെട്ടതാണ്. മംഗലാപുരം മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലാക്കി ഡിവിഷനായി പ്രഖ്യാപിക്കണമെന്നതും ഏറെക്കാലത്തെ ആവശ്യമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് 2007ൽ പാലക്കാട് ഡിവിഷൻ ജോലാർപേട്ടയിൽ നിന്ന് പോത്തന്നൂരിലേക്കുള്ള 623 കിലോമീറ്റർ റൂട്ട് വെട്ടിക്കുറച്ച് കോയമ്പത്തൂർ മേഖല ഉൾപ്പെടെ, ഡിവിഷനിൽ നിന്ന് നീക്കം ചെയ്ത് സേലം ഡിവിഷൻ രൂപീകരിച്ചു.

 വരുമാനത്തിൽ മുന്നിലുണ്ട് കേരളം

അധിക ട്രെയിനുകൾ അനുവദിക്കാതെയും വേനൽക്കാല പ്രത്യേക തീവണ്ടികളിൽ ജനറൽ കോച്ചുകളും സ്ലീപ്പർ കോച്ചുകളും വെട്ടിച്ചുരുക്കി യാത്രികരെ ദുരിതത്തിലാക്കുമ്പോഴും റെയിൽവേയ്ക്ക് വരുമാനം വർദ്ധനവുണ്ടാക്കി കേരളം. പകുതിയിലേറെ വൻലാഭം റെയിൽവേയ്ക്ക് ഉണ്ടാക്കി കൊടുത്തിട്ടും പാസഞ്ചർ ട്രെയിനുകളുൾപ്പെടെ അധികം ഓടിക്കാത്തതിനാൽ ജനം ദുരിതത്തിലാണ്. എന്നിട്ടും വരുമാനത്തിൽ മറ്റു സംസ്ഥാനത്തേക്കാൾ കേരളം വലിയൊരു നേട്ടമാണുണ്ടാക്കി കൊടുക്കുന്നത്. ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്തത് ചെന്നൈ സെൻട്രൽ 1215.79 കോടിയും ചെന്നൈ എഗ്മോർ ജംഗ്ഷൻ, കോയമ്പത്തൂർ 324.99 കോടി എന്നിങ്ങിനെയാണ് ഏറ്റവും വരുമാനമുണ്ടാക്കിയ റെയിൽവേ സ്റ്റേഷൻ പട്ടികയിലുള്ളത്. ഇവക്ക് ശേഷം തിരുവനന്തപുരം 262 കോടി രൂപ വരുമാനത്തിൽ നേട്ടമുണ്ടാക്കി നാലാം സ്ഥാനത്തുണ്ട്.

 അധിക വരുമാനമുണ്ടാക്കിയത് 11 സ്റ്റേഷനുകൾ

ദക്ഷിണറെയിൽവേയിൽ 25 സ്റ്റേഷനുകളിൽ കേരളത്തിലെ 11 സ്റ്റേഷനുകളാണ് റെയിൽവേയ്ക്ക് അധിക വരുമാനമുണ്ടാക്കിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ആകെ 21 റെയിൽവേ സ്റ്റേഷനുകളാണുള്ളത്. 2023 - 24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പാലക്കാട് റെ​യി​ൽ​വേ ഡി​വി​ഷ​ന്റെ വരുമാനത്തിലും വലിയ വ​ർ​ദ്ധ​നവുണ്ട്. ക​ൽ​ക്ക​രി, സി​മ​ന്റ്, രാ​സ​വ​ള​ങ്ങ​ൾ, അ​രി മ​റ്റ് ആ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ച​ര​ക്കു​ഗ​താ​ഗ​തം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഡി​വി​ഷ​ൻ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. ഇ​ത് വ​രു​മാ​ന വ​ർദ്​ധ​ന​ക്കും ഗു​ണ​ക​ര​മാ​യി. സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം നി​ല​നി​റുത്തു​ന്ന​തി​ലും ബ​ഡ്ജ​റ്റ് ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ലും ഡി​വി​ഷ​ൻ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

 ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷൻ

1956 ആഗസ്റ്റ് 31നാണ് ദക്ഷിണ റെയിൽവേയുടെ അഞ്ചാം ഡിവിഷനായി പാലക്കാട് രൂപീകരിച്ചത്. അക്കാലത്ത് ഇതിന് ഒലവക്കോട് റെയിൽവേ ഡിവിഷൻ എന്നായിരുന്നു പേര്. പിന്നീട് അത് പാലക്കാട് ജംഗ്ഷൻ എന്ന് പുനർനാമകരണം ചെയ്തു.

രൂപീകരണ സമയത്ത്, തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ ജോലാർപേട്ടിൽനിന്ന് മംഗലാപുരത്തേക്കുള്ള ബ്രോഡ്‌ഗേജ് ട്രങ്ക് ലൈൻ ഇത് കൈകാര്യം ചെയ്തു. കർണാടകയിൽ കോയമ്പത്തൂർ, ഷൊർണൂർ വഴി, നീലഗിരി മൗണ്ടൻ റെയിൽവേ, ഷൊർണൂർ - കൊച്ചി ഹാർബർ ടെർമിനസ് ലൈൻ, ഷൊർണൂർ - നിലമ്പൂർ റോഡ് ബ്രാഞ്ച് ലൈൻ എന്നിവ ഉൾപ്പെടെ മൊത്തം 1,247 റൂട്ട് കിലോമീറ്ററുകൾ നൽകിയിരുന്നു.