പാലക്കാട്: മത്സ്യങ്ങളുടെ പ്രജനനകാലത്ത് നിയമം ലംഘിച്ചുള്ള മീൻപിടിത്തത്തിന്(ഊത്തമീൻ പിടിത്തം) എതിരെ കർശന നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് തോടുകളും കുളങ്ങളും ഉൾപ്പെടെ നാട്ടിൻപുറങ്ങളിലെ ജലാശയങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം മീൻപിടിത്തം വ്യാപകമാണ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിന് തടസം വരുത്തി അനധികൃത മാർഗങ്ങളിലൂടെ മീൻ പിടിക്കുന്നത് കേരള ഇൻലാൻഡ് ഫിഷറീസ് അക്വാകൾച്ചർ നിയമ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 10000 രൂപ വരെ പിഴയും ആറുമാസം തടവും ലഭിച്ചേക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് അറിയിച്ചു.