fire

40 ഓളം ജീവനക്കാർ ജോലി ചെയ്യുന്നു

ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ

കുഴൽമന്ദം ചിതലിയിൽ പുതിയ കെട്ടിടം നിർമ്മിക്കും

ആലത്തൂർ: ആപത്തുസമയം രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തുന്ന ആലത്തൂരിലെ അഗ്നിശമന സേനാംഗങ്ങൾ ജീവനും കൈയ്യിൽപ്പിടിച്ചാണ് ഓഫീസിലിരിക്കുന്നത്. കാലപ്പഴക്കത്താൽ ഏതു നിമിഷവും നിലം പൊത്താവുന്ന കെട്ടിടത്തിലാണ് ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്. പുതിയ സ്ഥലത്ത് കെട്ടിടനിർമ്മാണം നടക്കുന്നത് വരെ മറ്റൊരു സ്ഥലത്തേക്ക് നിലയം മാറ്റുമെന്ന് രണ്ടുവർഷം മുമ്പ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പക്ഷേ, ആ ഉറപ്പും പാഴായി. കോരിച്ചൊരിയുന്ന കാലവർഷക്കാലം എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. 2000 മുതൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഈ കെട്ടിടം തകർന്നു വീഴാറായ നിലയിലാണ്.

പുതിയ കെട്ടിടം നിർമ്മിക്കുന്നത് വരെ നിലവിലെ പ്രവർത്തനങ്ങൾക്ക് കുനിശ്ശേരിയിലെ സിനിമ തിയറ്റർ കെട്ടിടത്തിലേക്ക് മാറ്റാൻ നീക്കങ്ങൾ തുടങ്ങിയതാണ്. എന്നാൽ തുടർ നടപടികളില്ലാതെ പാതിവഴിയിലാണ്.

കെട്ടിടം കൈമാറാൻ ഉടമ സമ്മതപത്രം നൽകിയതല്ലാതെ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. കെട്ടിടത്തിന് വാടക നിശ്ചയിച്ച് നൽകണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് കത്ത് നൽകിയിരുന്നു. അവർ നിശ്ചയിക്കുന്ന വാടക ഉടമയ്ക്ക് സമ്മതമാണെന്ന ഉടമയുടെ സമ്മതപത്രവും കാലപ്പഴക്കം നിർണയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സമ്മതപത്രവും വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർവേ നമ്പറും ഒപ്പം നൽകണമെന്ന് ജില്ലാ അഗ്നിരക്ഷാനിലയം അധികൃതർ നിർദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും ഉടമ ഹാജരാക്കിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ നിലയം അങ്ങോട്ട് മാറ്റാനുള്ള തീരുമാനം ഉപേക്ഷിച്ച നിലയിലാണ്.

ആലത്തൂർ പഞ്ചായത്തിന് അനുവദിച്ച നിലയം പഞ്ചായത്തിന് നഷ്ടപ്പെടാതിരിക്കാനാണ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ 2000 ത്തിൽ പ്രവർത്തനം തുടങ്ങിയത്. രണ്ടു ദശാബ്ദത്തിനിടയിൽ കെട്ടിടത്തിന് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മാറ്റാൻ നിർദേശം നൽകിയത്.

പുതിയ കെട്ടിടം നിർമ്മിക്കും

അഗ്നിരക്ഷാ നിലയത്തിനു പുതിയ കെട്ടിടം നിർമ്മിക്കാൻ ജലസേചന വകുപ്പ് കൈമാറിയിട്ടുള്ള കുഴൽമന്ദം ചിതലിയിൽ കെട്ടിടം നിർമ്മിക്കുന്നതു വരെ മറ്റൊരു കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. പുതിയ കെട്ടിടം വാടകയ്ക്ക് എടുക്കാനുള്ള വകുപ്പ് തല നടപടി ആരംഭിച്ചു.