പ്രഖ്യാപനം ഈ മാസം പകുതിയോടെ
മുന്നൊരുക്കം നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിർദേശം നൽകി
പാലക്കാട്: കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ആവാസ് യോജന -ഗ്രാമീൺ (പി.എം.എ.വൈ) ഭവനപദ്ധതിയിൽ കേരളത്തിന് 30,000 ത്തിലധികം പുതിയ വീടുകൾ അനുവദിച്ചേക്കും. വീടുകളുടെ പ്രഖ്യാപനം ഈ മാസം പകുതിയോടെ ഉണ്ടാകും.
സ്പിൽ ഓവർ നിർമ്മാണങ്ങൾ വേഗം തീർക്കണമെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
രണ്ടുവർഷമായി പി.എം.എ.വൈ ഭവനപദ്ധതിയിൽ കേരളത്തിൽ പുതിയവീടുകൾക്ക് അനുമതി നൽകിയിരുന്നില്ല. ഇതിനിടെയാണ് രാജ്യത്താകെ രണ്ടുകോടി വീടുകൾ ഗ്രാമീണമേഖലയിൽ നിർമ്മിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. ബഡ്ജറ്റിനു പിന്നാലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ തുടർ നടപടികൾ താത്കാലികമായി നിറുത്തിവെയ്ക്കുകയായിരുന്നു.
ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര,സംസ്ഥാന സംയുക്ത ഉദ്യോഗസ്ഥതല യോഗങ്ങൾ ചേർന്ന് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. അന്തിമ തീരുമാനമായിട്ടില്ലെങ്കിലും 30,000ലധികം വീടുകൾ അനുവദിക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.
2019 മാർച്ചിൽ കേന്ദ്ര ഗ്രാമവികസന വകുപ്പ് സർവേ നടത്തിയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 2,14,124 ഭവനരഹിതരെയാണ് കേന്ദ്രസർക്കാർ അർഹരായ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതുപ്രകാരം 2021- 22 സാമ്പത്തിക വർഷത്തിൽ 13,114 വീടുകൾക്ക് അനുമതി നൽകി. ശേഷിക്കുന്നവർ മറ്റേതെങ്കിലും ഭവനപദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണക്കെടുക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
യൂണിറ്റ് കോസ്റ്റ് തുക കൂട്ടി നൽകുന്നതിൽ തീരുമാനമായിട്ടില്ല
വീടിന്റെ യൂണിറ്റ് കോസ്റ്റ് തുക (ഒരുവീട് നിർമ്മിക്കാനുള്ള അടിസ്ഥാന ചെലവ്) കൂട്ടിനൽകണമെന്ന് കേന്ദ്രത്തിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വീടിന് നാലുലക്ഷം രൂപ കേന്ദ്രസർക്കാർ നൽകണമെന്നാണ് ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.