സ്കൂൾ ബസുകൾക്ക് കർശന മാർഗ നിർദേശങ്ങൾ
പാലക്കാട്: കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്‌കൂൾ വാഹനങ്ങൾക്ക് പുതുക്കിയ മാർഗ നിർദേശങ്ങളിറക്കി മോട്ടോർ വാഹനവകുപ്പ്. ബസിൽ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്(ഇ.ഐ.ബി) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂളിന്റേത് അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് വാഹനങ്ങളിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ 'ഓൺ സ്‌കൂൾ ഡ്യൂട്ടി' എന്ന ബോർഡ് പ്രദർശിപ്പിക്കണം. സ്‌കൂൾ മേഖലയിൽ മണിക്കൂറിൽ പരമാവധി 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമാണ് വേഗത. യാതൊരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കരുത്.
കുട്ടികളെ തിക്കി നിറയ്ക്കണ്ട
വാഹനത്തിന്റെ വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ(ആയമാർ) ഉണ്ടായിരിക്കണം.
സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസൃതമായേ വാഹനത്തിൽ കുട്ടികളെ അനുവദിക്കാവൂ. 12 വയസിൽ താഴെയുള്ള കുട്ടികൾ ആണെങ്കിൽ ഒരു സീറ്റിൽ രണ്ടു പേരെ യാത്ര ചെയ്യാൻ അനുവദിക്കാം.
ഡ്രൈവർമാർ വെള്ള ഷർട്ടും കറുപ്പ് പാന്റും ഐഡന്റിറ്റി കാർഡും ധരിച്ചിരിക്കണം. കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് വാഹനത്തിലെ ഡ്രൈവർ കാക്കി യൂണിഫോം ധരിക്കേണ്ടതാണ്.
ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിംഗ് പരിചയം വേണം. ഹെവി വാഹനങ്ങൾ ഓടിക്കുന്നവർക്ക് അഞ്ച് വർഷത്തെ പരിചയം നിർബന്ധം.
ഇവർ മദ്യപിച്ചോ, അപകടകരമായോ വാഹനമോടിച്ചതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത്.
കുട്ടികളുടെ പേര്, ക്ലാസ്, ബോർഡിംഗ് പോയിന്റ്, രക്ഷിതാവിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കണം.
പ്രഥമശുശ്രൂഷ മരുന്നുകൾ ഉൾക്കൊള്ളുന്ന ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കണം.
കുട്ടികളുടെ ബാഗുകൾ സൂക്ഷിക്കുന്നതിനുള്ള റാക്കുകൾ ഉണ്ടായിരിക്കണം.
സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള എമർജൻസി എക്സിറ്റ് ഉണ്ടായിരിക്കണം.
വാഹനത്തിന്റെ പുറകിൽ ചൈൽഡ് ലൈൻ(1098), പൊലീസ്(100), ആംബുലൻസ്(102), ഫയർഫോഴ്സ്(100), ബന്ധപ്പെട്ട ആർ.ടി. ഓഫീസ്, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം.