vidyavahan
വിദ്യാവാഹൻ മൊബൈൽ ആപ്പ്

പാലക്കാട്: രക്ഷിതാക്കൾക്ക് വിദ്യാവാഹൻ ആപ്പ് വഴി ഇനി മുതൽ സ്കൂൾ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാം. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഈ ആപ്പ് ഉപയോഗിച്ച് സ്കൂൾ വാഹനങ്ങളുടെ സഞ്ചാരഗ ഗതി മനസിലാക്കുന്നതിനൊപ്പം ആവശ്യമെങ്കിൽ ബസിലെ ആയയുമായി(അറ്റൻഡ‌ർ) സംസാരിക്കാനും സാധിക്കും. രാവിലെയും വൈകിട്ടും സ്കൂൾ ബസിനായുള്ള കാത്തിരിപ്പ് ഒഴിവാക്കാമെന്നതാണ് ആപ്പിന്റെ പ്രധാന ഗുണം. വാഹനം അമിത വേഗതയിലാണോ, റൂട്ട് മാറി സഞ്ചരിക്കുന്നുണ്ടോ തുടങ്ങി മറ്റു വിവരങ്ങളും ലഭിക്കും. അതേസമയം വാഹനം സഞ്ചരിക്കുന്ന സമയത്ത് ഡ്രൈവർമാരെ വിളിക്കാൻ സാധ്യമല്ല. ആപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 18005997099 എന്ന ടോൾ ഫ്രീ നമ്പറിലും mvd.kerala.gov.in എന്ന വെബ്ർസൈറ്റിലും ലഭിക്കും.

ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ

 പ്ലേസ്റ്റോറിൽ നിന്ന് വിദ്യാവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യുക. സ്കൂളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി നൽകി ആപ്പിൽ ലോഗിൻ ചെയ്യാം.

 ഹോം പേജിൽ രക്ഷിതാക്കൾ രജിസ്റ്റർ ചെയ്ത നമ്പറിൽ സ്കൂൾ വാഹനങ്ങളുടെ ലിസ്റ്റ് ലഭിക്കും.

 നിരീക്ഷിക്കേണ്ട വാഹനത്തിന് നേരേയുളള ലൊക്കേറ്റ് ബട്ടൺ അമർത്തിയാൽ വാഹന നമ്പർ, തിയ്യതി, സമയം, വേഗത എന്നിവ വ്യക്തമാകും.

 വാഹനത്തിലെ ജീവനക്കാരുടെ പേരിന് നേരെയുളള കാൾ ബട്ടൺ അമർത്തി അവരെ വിളിക്കാം.

വാഹനങ്ങളുടെ വിവരം രക്ഷിതാക്കൾക്ക് നൽകണം

സ്കൂൾ അധികൃതർ സുരക്ഷ മിത്ര വെബ് പോർട്ടലിൽ സ്കൂൾ വാഹനങ്ങളുടെയും ഇതിലെ ജീവനക്കാരുടെയും വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് പ്രസ്തുത വിവരം രക്ഷിതാക്കൾക്ക് കൈമാറണം. ഓരോ വിദ്യാർത്ഥിയും പോകുന്ന വാഹനം വ്യത്യസ്തമാണെന്നതിനാൽ വാഹനങ്ങളുടെ വിവരങ്ങൾ രക്ഷിതാക്കൾക്ക് പ്രത്യേകമായി കൈമാറണമെന്നാണ് ആർ.ടി.ഒയുടെ നിർദ്ദേശം.