പാലക്കാട്: ഷൊർണൂർ ജംഗ്‌ഷൻ, നിലമ്പൂർ റോഡ്, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തിയാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന് 13.759 കോടി രൂപയും നിലമ്പൂർ റോഡ് സ്റ്റേഷന് 8.029 കോടിയും ഷൊർണൂർ റോഡ് ജംഗ്‌ഷന് 20.589 രൂപയുമാണ് ബഡ്ജറ്റിൽ അനുവദിച്ചത്. പാലക്കാട് ഡിവിഷന് കീഴിൽ16 റെയിൽവേ സ്റ്റേഷനുകളാണ് അമൃത് ഭാരത് സ്റ്റേഷന് കീഴിൽ വികസിപ്പിക്കുന്നത്. പ്രവേശന കവാടം, പാർക്കിംഗ് ഏരിയ, വഴി വിളക്കുകൾ, വിശ്രമമുറികൾ, പ്ലാറ്റ്‌ഫോമുകളിലെ വൈദ്യുത വിളക്കുകൾ, പ്രവേശന കവാടത്തിന്റെ സൗന്ദര്യവത്കരണം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളാണ് ഷൊർണൂർ സ്റ്റേഷനിൽ നടക്കുന്നത്.