forest
forest

പാലക്കാട്: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിൽ 65 പച്ചത്തുരുത്തുകളുടെ നിർമ്മാണത്തിന് തുടക്കമിടും. തദ്ദേശസ്ഥാപനങ്ങൾ, തൊഴിലുറപ്പ് പദ്ധതി, സോഷ്യൽ ഫോറസ്റ്ററി, തുടങ്ങിയ വിവിധ ഏജൻസികളെ സംയോജിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ മാസങ്ങളിൾ ജില്ലയിൽ അനുഭവപ്പെട്ട ഉഷ്ണതരംഗ പ്രതിഭാസത്തെ ഭാവിയിൽ അതിജീവിക്കുക കൂടി ലക്ഷമിട്ടാണ് പച്ചത്തുരുത്തുകൾ വ്യാപകമാക്കുന്നത്. ഫലവൃക്ഷത്തൈകൾ മറ്റു വിവിധ തരം വൃക്ഷത്തൈകൾ എന്നിവയെല്ലാം പച്ചത്തുരുത്തുകളിൽ ഉൾപ്പെടും. ഓരോ പച്ചത്തുരുത്തിലും പരമാവധി സസ്യ വൈവിധ്യം ഉറപ്പാക്കുന്നതിനാണ് ഹരിത കേരളം മിഷൻ ശ്രമിക്കുന്നത്. പാലക്കാട് ജില്ല പഞ്ചായത്തിലെ പാരിസ്ത്ഥികം 2024ന്റെ ഭാഗമായി ആരംഭിക്കുന്ന ഹരിതഭൂമി വൃക്ഷവത്കരണ യഞ്ജവുമായി സംയോജിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുഴയോരത്തും പച്ചത്തുരുത്തുകൾ ഒരുക്കുന്നുണ്ട്.

എന്താണ് പച്ചത്തുരുത്ത്?

പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ഫലവൃക്ഷത്തൈകളും നാട്ടു സസ്യങ്ങളും നട്ടുവളർത്തി സ്വാഭാവിക വനം സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്ത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങൾ കണ്ടെത്തുന്നത്. 2019ലെ ലോകപരിസ്ഥിതി ദിനത്തിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പച്ചത്തുരുത്ത് ആരംഭിച്ചത്.

 128 പച്ചത്തുരുത്തുകൾ നിലവിൽ പാലക്കാട് ജില്ലയിലുണ്ട്.

 94 ഏക്കർ വിസ്തൃതിയിലുള്ള ഈ പച്ചത്തുരുത്തുകളിൽ 25000 സസ്യജാലകങ്ങളെ സംരക്ഷിച്ചുവരുന്നു.

 46 തദ്ദേശ സ്ഥാപനങ്ങളിലാണ് പുതിയ പച്ചത്തുരുത്തുകൾ ഒരുക്കുന്നത്.

 ജില്ലയിൽ പച്ചത്തുരുത്തു നിർമ്മാണത്തിന്റെ ആദ്യഘട്ട കാമ്പയിൻ ജൂലൈയിൽ തുടങ്ങി ആഗസ്റ്റിൽ അവസാനിക്കും.

 പച്ചത്തുരുത്തുകളുടെ ജില്ലാ ബ്ലോക്ക് തദ്ദേശതല ഉദ്ഘാടനങ്ങൾ ജൂലൈ 5 മുതൽ 10 വരെ സംഘടിപ്പിക്കും.