agriculture
കാരക്കാട്ടെ പച്ചക്കറി തോട്ടത്തിൽ കർഷകനായ സി.ബിജു

ഒറ്റപ്പാലം: തീ തുപ്പിയ വേനൽക്കാലത്തെ പിന്നിട്ട വേനൽക്കാല പച്ചക്കറി കൃഷി നേരത്തെ എത്തിയ കാലവർഷത്തിൽ തകർന്ന കണക്കുമായി കർഷകർ. വിളവെടുപ്പ് അവസാന ഘട്ടത്തിലായ വേനൽ കാല പച്ചക്കറി കൃഷി വലിയ നഷ്ടത്തിലാണ് അവസാനിച്ചത്. കുംഭത്തിലും മീനത്തിലും ലഭിക്കേണ്ട വേനലിലെ ഇടമഴകൾ ലഭിക്കാതിരുന്നത് പച്ചക്കറി ചെടികളുടെ വളർച്ചയേയും കായ്ഫലത്തെയും പ്രതികൂലമായി ബാധിച്ചതായി കർഷകർ പറയുന്നു. എന്നാലും വേനലിനോട് പൊരുതി ഒരു വിധം പിടിച്ചു നിന്ന പച്ചക്കറിക്കൃഷി കാലവർഷം നേരത്തെ വന്നതോടെ പൂർണമായും നഷ്ടത്തിലായി.

പൊതുവേ പയർ വെള്ളരി വർഗ്ഗ വിളകൾക്ക് വെള്ളം യഥേഷ്ടം വേണമെങ്കിലും അധികമായാൽ വേരുകൾ ചീഞ്ഞ് നശിക്കും. ഇത്തവണത്തെ വേനൽക്കാല പച്ചക്കറി കൃഷിയുടെ അവസ്ഥ ഇങ്ങനെയാണെന്ന് മറ്റു കർഷകരും പറയുന്നു. പച്ചക്കറി കൃഷി നശിച്ചതിന് നഷ്ടപരിഹാരമില്ലാത്ത ദുരവസ്ഥയും ഇവർ ചൂണ്ടി കാട്ടുന്നു.

കൃഷിയിടത്തിൽ വെള്ളം കയറി

അഞ്ച് എക്കർ വിതച്ച കുറ്റി പയറും, രണ്ട് എക്കർ ഉഴുന്നും, ഒരു എക്കർ എള്ളുകൃഷിയും പൂർണമായും നശിച്ചതായി കാരക്കാട് പാടത്ത് കൃഷിയിറക്കിയ സി.ബിജു പറഞ്ഞു. ഒന്നാം വിള നെൽകൃഷിക്ക് അടിവളമായിട്ടാണ് ഇവ ഉപയോഗിച്ചത്. ഒരു ഏക്കർ സ്ഥലത്തെ കുമ്പളം, മത്തൻ, വെള്ളരി, മീറ്റർ പയർ, നീളൻ പയർ, വെണ്ട എന്നിവയും പരീക്ഷണമായി ചെയ്ത കുക്കുംമ്പറും, പൊട്ടു വെള്ളരി, ബട്ടർ നട്ട് എന്നിവയും വെള്ളം കയറി നശിച്ചതായി ബിജു നിരാശയോടെ പറയുന്നു.