ചെങ്ങന്നൂർ: എം.സി റോഡിലെ മുണ്ടൻകാവ് ഇറപ്പുഴ പാലത്തിലെ സോളാർ വിളക്കുകൾ ഇരുട്ടിലായിട്ട് നാളേറെയായിട്ടും നന്നാക്കാൻ നടപടിയില്ല. ബാറ്ററി കമ്പാർട്ട്മെന്റ് തുരുമ്പടിച്ച് അടർന്നതിനെ തുടർന്ന് പമ്പയാറ്റിലേക്കും പതിച്ചിരുന്നു. നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിൽ ഭീതിയോടെയാണ് യാത്രക്കാരുടെ രാത്രിയാത്ര. ഏഴുവർഷം മുൻപു സ്ഥാപിച്ച സോളർ വിളക്കുകളുടെ പരിപാലനം കൊവിഡ് കാലത്തു മുടങ്ങിയെന്നാണു കെ.എസ്ടി.പിയുടെ വിലയിരുത്തൽ. പുതിയ ബാറ്ററികൾ സ്ഥാപിക്കാൻ ചെലവേറുമെന്നതിനാൽ വിളക്കുകൾ ഉപേക്ഷിക്കാനാണു തീരുമാനം. കഴക്കൂട്ടം അടൂർ സുരക്ഷാ ഇടനാഴിയിൽ തകരാറിലായ സോളാർ വിളക്കുകൾ മാറ്റി പകരം എൽ.ഇ.ഡി വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി കെ.എസ്ടി.പി കൊട്ടാരക്കര ഡിവിഷനിൽ തയാറാക്കി കെ.എസ്ഇ.ബിക്കു കൈമാറിയിരുന്നെങ്കിലും സർക്കാർ തലത്തിൽ തീരുമാനമായിട്ടില്ല.
ആലോചന ഇങ്ങനെ
കെ.എസ്ഇബിയുടെ സഹായത്തോടെ വിളക്കുകൾ സ്ഥാപിക്കാനും അതതു തദ്ദേശസ്ഥാപനങ്ങൾക്കു പരിപാലനച്ചുമതല നൽകാനും ആലോചനയുണ്ട്. ഇറപ്പുഴ പാലത്തിൽ കൂടി വിളക്കുകൾ സ്ഥാപിക്കാൻ തയാറാക്കുകയോ അല്ലെങ്കിൽ പാലത്തിനായി പ്രത്യേക പദ്ധതി ഒരുക്കുകയോ വേണമെന്ന ആവശ്യം ശക്തമാണ്. വിളക്കുകാലുകളിൽ പരസ്യം നൽകി വരുമാനം ഉപയോഗിച്ചു വിളക്കുകൾ സ്ഥാപിക്കാനുള്ള സംവിധാനവും നടപ്പാക്കാം.
..................................................
പഴയ ഇറപ്പുഴ പാലത്തിൽ 'എന്റെ കല്ലിശേരി വാട്‌സ് ആപ് കൂട്ടായ്മ സ്ഥാപിച്ച വിളക്കുകളും തകരാറിലാണ്. എന്നാൽ പുതിയ വിളക്കുകൾ വൈകാതെ സ്ഥാപിക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ പറയുന്നു. എത്രയും വേഗം ഇതിന് പരിഹാരം കാണണം
ശ്രീകാന്ത്
(പ്രദേശവാസി)
...............................................
സോളാർ ലൈറ്റ് സ്ഥാപിച്ചത് 7 വർഷം മുൻപ്
................................................