റാന്നി : അത്തിക്കയം - വെച്ചൂച്ചിറ റോഡിലെ പ്രധാനപ്പെട്ട കവലയായ കൂത്താട്ടുകുളത്തെ പാലത്തിനു വീതിയില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കുപ്പിക്കഴുത്ത് പോലെയുള്ള കൂത്താട്ടുകുളം പാലത്തിലൂടെ ഒരു സമയം ഒരു വാഹനത്തിനു മാത്രമാണ് സുഗമമായി കടന്നു പോകാൻ കഴിയുകയുള്ളു. പെരുനാട് -അത്തിക്കയം മേഖലകളിൽ നിന്ന് വെച്ചൂച്ചിറ, എരുമേലി, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രധാന പാതയാണിത്. കൂടാതെ വെച്ചൂച്ചിറ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം സുപ്രധാന സർക്കാർ ഓഫീസുകളും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കൂത്താട്ടുകുളം ജംഗ്ഷൻ. കാലപ്പഴക്കം ചെന്ന പാലത്തിന്റെ കൈവരികളും സുരക്ഷിതമല്ല. റോഡ് ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ചെങ്കിലും പാലം പഴയ സ്ഥിതിയിൽ നിലനിറുത്തുകയായിരുന്നു.
നന്നേ തിരക്ക് കൂടിയ പാതയിൽ അപകടകരമായി സ്ഥിതി ചെയ്യുന്ന കൊടും വളവുകളും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. പാത സുപരിചിതമല്ലാത്ത യാത്രക്കാർക്ക് വേണ്ടുന്ന മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ മുന്നൊരുക്കങ്ങളോ എവിടെ സ്ഥാപിച്ചിട്ടില്ല. കൂടാതെ വീതി കുറഞ്ഞ പാലത്തിനോട് ചേർന്നു ഓട്ടോറിക്ഷ സ്റ്റാൻഡും സ്ഥിതി ചെയ്യുന്നത് വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനു ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പാലത്തിനു വശങ്ങളിൽ കാടുമൂടി നിൽക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇതുവഴി സുരക്ഷിതമായി ഒതുങ്ങി നിൽക്കാൻപോലും സ്ഥലമില്ല. കൂടാതെ മഴക്കാലത്ത് പാലത്തിൽ വെള്ളക്കെട്ടുമുണ്ട്. കാലപ്പഴക്കം ചെന്ന കൂത്താട്ടുകുളം ജംഗ്ഷനിലെ പാലം വീതി കൂട്ടി പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാണ്.
..................
1. മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ മുന്നൊരുക്കങ്ങളോ ഇല്ല
2. മഴക്കാലത്ത് വെള്ളക്കെട്ട്
3. വീതി കൂട്ടി പുതുക്കി പണിയണമെന്ന ആവശ്യം ശക്തം