കോന്നി: ഗവ.മെഡിക്കൽ കോളേജിന് സമീപത്തു വളരുന്ന പൊന്തക്കാടുകൾ ഭീഷണിയാകുന്നു. കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേർന്ന നെടുമ്പാറയിലാണ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. ഇവിടെ വന്യമൃഗശല്യം ഉള്ള പ്രദേശമായതിനാൽ മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും ജീവനക്കാർക്കുമാണ് സമീപത്തെ പൊന്തക്കാടുകൾ ഭീഷിണയാകുന്നത്. അടുത്തിടെ മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ കാട്ടുപന്നി കയറി പരിഭ്രാന്തി സൃഷ്‌ടിച്ചിരുന്നു. സംഭവം പുലർച്ചെ ആയതിനാൽ രോഗികൾ കുറവായിരുന്നു. ജീവനക്കാർ മാത്രമായിരുന്നു അപ്പോൾ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നത്. ജീവനക്കാർ ബഹളം വച്ചതോടെ കാട്ടുപന്നി കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങി സമീപത്തെ വനത്തിലേക്ക് പോയി. മെഡിക്കൽ കോളേജിന്റെ ഹോസ്റ്റലിന്റെ സമീപത്തും കാട്ടുപന്നികൾ വരുന്നത് പതിവാണ്. ഇത് മൂലം സന്ധ്യ കഴിഞ്ഞാൽ ഹോസ്റ്റലിന്റെ പുറത്തിറങ്ങാൻ വിദ്യാർത്ഥികൾ ഭയക്കുകയാണ്.
കാട്ടന ശല്യവും പതിവ്
മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ സമീപത്തെ പൊന്തക്കാടുകൾ തെളിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യം. മുൻപ് മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ മുറ്റത്ത് കാട്ടുപോത്തുകൾ പതിവായി രാത്രികാലങ്ങൾ എത്തുന്നുണ്ടായിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും അടുത്തിടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.സമീപത്തെ ജനവാസമേഖലകളിൽ കാട്ടാന ശല്യവും പതിവാണ്. മെഡിക്കൽ കോളേജിന്റെ സമീപത്തു തന്നെയാണ് ഡ്രഗ് ടെസ്റ്റിംഗ് ലാബും, കേന്ദ്രീയ വിദ്യാലയവും പ്രവർത്തിക്കുന്നത്. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ കേന്ദ്രീയ വിദ്യാലയത്തിന്റെ സമീപത്തെ വനമേഖലയിലെ പൊന്തക്കാടുകളും തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
...........................
മെഡിക്കൽ കോളേജിന് സമീപത്തെ പൊന്തക്കാടുകൾ രോഗികൾക്കും, ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഭീഷണിയാവുകയാണ്. ഇവിടുത്തെ കാട് തെളിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണം.
റോയ് തോമസ്
( പ്രദേശവാസി )