പത്തനംതിട്ട: യുവ കർഷകനായ കുളനട പനച്ചയ്ക്കൽ വിനീതിന്റെ കസ്തൂരി മഞ്ഞൾ കൃഷിയിൽ വിളവ് നൂറുമേനി. പക്ഷേ വാങ്ങാൻ ആളില്ല.
ആയിരം കിലോയിലധികം വരുന്ന കസ്തൂരി മഞ്ഞളാണ് വില്ക്കാനാവാതെ കിടക്കുന്നത്. പ്രകൃതി ദത്തമായ കസ്തൂരിമഞ്ഞളിന് ഗുണമേറെയാണ്. ചർമ്മ സംരക്ഷണത്തിനും മുഖത്തെ രോമ വളർച്ച തടയുന്നതിനും ത്വക്ക് രോഗങ്ങൾക്കുമാണ് കസ്തൂരിമഞ്ഞൾ കൂടുതലായി ഉപയോഗിക്കുന്നത്. അമിതമായ രാസപദാർത്ഥങ്ങൾ അടങ്ങിയ സൗന്ദര്യ വസ്തുക്കളുടെ ഉപയോഗം മൂലം ചർമ്മത്തിന് സംഭവിക്കാവുന്ന നിറവ്യത്യാസവും മറ്റ് പ്രശ്‌നങ്ങളും പരിഹരിച്ച് ത്വക്കിന് ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കും. ബാക്ടിരിയ മൂലമുണ്ടാകുന്ന അണുബാധകൾക്കും കസ്തൂരിമഞ്ഞൾ ഫലപ്രദമാണ്. പ്രാണികൾ കടിക്കുന്നതുമൂലമുണ്ടാകുന്ന ചൊറിച്ചിലും തടിപ്പും നീർവീക്കവും ഇല്ലാതാക്കാനും കുട്ടികൾക്ക് ബേബി ബാത്ത് പൗഡറായും കസ്തൂരി മഞ്ഞൾ ഉപയോഗിക്കുന്നുണ്ട്. വിപണിയിൽ സുലഭമായി ലഭിക്കില്ല എന്നതിനാൽ കസ്തൂരി മഞ്ഞളിന് സാധാരണ മഞ്ഞളിനേക്കാൾ വില കൂടുതലാണ്.
വിപണിയില്ലാത്തത് തിരിച്ചടി
മൊത്തവിപണി സമീപപ്രദേശങ്ങളിലില്ലാത്തതാണ് തിരിച്ചടിയായത്. കസ്തൂരി മഞ്ഞൾ കൃഷി നടത്തുന്ന വേറെ ആളുകളും ഇൗ ഭാഗത്തില്ല. അതിനാലാണ് മൊത്തവ്യാപാരികൾ എത്താത്തത്. വയനാട്ടിലാണ് പ്രധാനമായും കസ്തൂരി മഞ്ഞൾ കൃഷി നടക്കുന്നത്. മൊത്തവിപണിയും അവിടെയാണ്. മൊത്തമായി വാങ്ങാൻ ആരുമെത്തിയില്ലെങ്കിൽ കിലോയ്ക്ക് 300രൂപ നിരക്കിൽ കുളനടയിലുള്ള തന്റെ പച്ചക്കറിക്കടയിലൂടെ ചില്ലറ വിൽപ്പന നടത്താനും അധികമായി വരുന്നത് ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാനുമാണ് വിനീതിന്റെ തീരുമാനം. കസ്തൂരിമഞ്ഞൾ കൂടാതെ മഞ്ഞൾ, കരിമഞ്ഞൾ, മഞ്ഞക്കൂവ, ഇഞ്ചി, ചുവന്ന ഇഞ്ചി എന്നിവയും വിനീതിന്റെ കൃഷിയിടത്തിലുണ്ട്.
വ്യാജനെ സൂക്ഷിക്കണം
വിപണിയിൽ വ്യാജനുമുണ്ടെന്ന് വിനീത് പറയുന്നു. കസ്തൂരിമഞ്ഞൾ എന്ന പേരിൽ മറ്റിടങ്ങളിൽ ലഭിക്കുന്നത് കൂടുതലും മഞ്ഞക്കൂവയാണ്. കസ്തൂരി മഞ്ഞളിന്റെ ഇലകൾ തിളങ്ങുന്ന പച്ചയാണ്. മഞ്ഞക്കൂവയുടെ ഇലകൾക്ക് അടിവശം മുതൽ അറ്റം വരെ ഇരുണ്ട വയലറ്റ് നിറമുണ്ട്. കസ്തൂരി മഞ്ഞളിന്റെ നിറം ഇളം ക്രീമും കസ്തൂരി മണവുമാണ്. രുചി കയ്പാണ്.
--------------
വില കിലോയ്ക്ക് 300രൂപ
----------------------
കസ്തൂരി മഞ്ഞൾ ഉൾപ്പടെ വ്യത്യസ്തങ്ങളായ മഞ്ഞൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും കൃഷി ഭവനിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല.
വിനിത്