1
താലൂക്ക് പ്രദേശത്ത് കടുത്ത വേനൽ ചൂടിൽ പ്രദേശവാസികളിൽ കണ്ടുവരുന്ന ചിക്കൻപോക്സും, ചൂട് കുരുവും

മല്ലപ്പള്ളി : വേനൽച്ചൂടിൽ വെന്തുരുകി താലൂക്ക് പ്രദേശം. പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ചില ദിവസങ്ങളിൽ മഴയുണ്ടെങ്കിലും ചൂടിന് ശമനമില്ലാത്തത് പ്രദേശവാസികളെ വലയ്ക്കുകയാണ്. ഇതുകാരണം ചൂട്കുരു, ചിക്കൻപോക്സ്, പനി എന്നിവ വ്യാപകമായിരിക്കുകയാണ്. ആരോഗ്യരക്ഷ പഞ്ചായത്തുകളുടെ പ്രത്യേക പരിഗണയിലുണ്ടെങ്കിലും പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകൾ നേരിട്ട് നിയന്ത്രിക്കേണ്ട പകർച്ചവ്യാധി നിരോധനം, മഴക്കാലപൂർവ ശുചീകരണം, പ്രതിരോധ മരുന്ന് വിതരണം,ക്ലോറിനേഷൻ എന്നിവയുടെ പ്രവർത്തനങ്ങളിൽ അധികൃതരുടെ അനിശ്ചിതത്വം തുടരുകയാണെന്ന അക്ഷേപവും ശക്തമാണ്. പല ജലസ്രോതസുകളിലും നീരൊഴുക്ക് നിലച്ചതിനാൽ വെള്ളം കെട്ടിക്കിടക്കുന്നത് ശുചിത്വ മേഖലയിൽ വെല്ലുവിളിയാകുന്നുണ്ട്. അതോടൊപ്പം തന്നെ പ്ലാസ്റ്റിക് മാലിന്യവും വലിയ പ്രശ്നം സൃഷ്ടിക്കുന്നു.പൊതു ടോയ്‌ലറ്റുകളും അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലെ സാനിട്ടറി സൗകര്യങ്ങൾ ഉറപ്പുവരുത്താത്തത് മഞ്ഞപ്പിത്തരോഗത്തിന് കാരണമാകാം. ഇന്നലെ 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. വേനൽ മഴ ഇടവിട്ട് പെയ്യാറുണ്ടെങ്കിലും ആരോഗ്യ മേഖലയിൽ വേണ്ടത്ര ഇടപെടിൽ ആരോഗ്യരക്ഷാപ്രവർത്തകർ നടത്താത്തതാണ് പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടരുന്നത് എന്നതാണ് നാട്ടുകാരുടെ ആക്ഷേപം.

ആനിക്കാട്- കോട്ടാങ്ങൽ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം

ആനിക്കാട്- കോട്ടാങ്ങൽ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മണിമലയാർ വറ്റിവരണ്ടതിനെ തുടർന്ന് ആളുകൾ വെള്ളത്തിനായി നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണ്. കോട്ടാങ്ങൽ പഞ്ചായത്തിൽ കുടിവെള്ള പൈപ്പുലൈനുകളിൽനിന്നുള്ള വെള്ളം ആഴ്ചയിൽ ഒന്നു വരുന്നുണ്ടെങ്കിലും ഇത് തികയാതെ വരുന്നതിനാൽ പണം മുടക്കി ടാങ്കറുകളിൽ വെള്ളം അടിക്കേണ്ട സ്ഥിതിയാണ്. ആനിക്കാട് പഞ്ചായത്ത് പ്രദേശത്ത് സ്ഥിതി രൂക്ഷമാണ്. കുടിവെള്ള പൈപ്പുനിർമ്മാണ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. പണം മുടക്കി വാഹനങ്ങളിൽ വെള്ളം അടിക്കേണ്ട സ്ഥിതിയാണ് പ്രദേശവാസികൾക്ക്. പലവാർഡുകളിലും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചൂട് അതിശക്തമായതിനാൽ കിണറുകളും,​ നദിയും വറ്റിവരണ്ടു. പകർച്ച വ്യാധി ഭീഷണിയിൽ നാട് പെട്ടിരിക്കുമ്പോൾ അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്.

...............................................

വികസനം ഇല്ലാത്തൊരു പഞ്ചായത്താണ് ആനിക്കാട്. വാ‌ർഡുകളിലെ പ്രശ്നങ്ങൾ പലതവണ അധികൃതരുടെ മുമ്പിൽ പരാതിയായി അറിയിച്ചിട്ടുള്ളതാണ്. എന്നാൽ തിരിഞ്ഞു നോക്കാൻ കൂട്ടാക്കുന്നില്ല. കുടിവെള്ള പ്രശ്മാണ് ഇവിടെയുള്ളവർ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ഇതിന് അടിയന്തര പരിഹാരം കാണണം.

ബിജേഷ്

(പ്രദേശവാസി)​

....................................................

ഇന്നലെത്തെ ചൂട് 35 ഡിഗ്രിസെൽഷ്യസ്