ചെങ്ങന്നൂർ : താലൂക്കിൽ മണ്ണ് മാഫിയ പിടിമുറുക്കി. പെരുമാറ്റച്ചട്ടം നിലനിൽക്കെയാണ് താലൂക്കിലെ വിവിധ പ്രദേശങ്ങളായ തിരുവൻവണ്ടൂർ ,മുളക്കുഴ ,പാണ്ടനാട് ,ആല ,പുലിയൂർ ,ചെറിയനാട് ,വെൺമണി ,ബുധനൂർ ,എന്നീ പഞ്ചായത്തുകളിലും നഗരസഭയുടെ ചില പ്രദേശങ്ങളിലും നീർത്തടം നികത്തൽ തകൃതിയായി നടക്കുന്നത്. തിരുവൻവണ്ടൂർ പഴയ വരട്ടാർ ,വള്ളികുന്നം കോതകര പാടശേഖരം എന്നിവിടങ്ങളിൽ വില്ലേജ് ഓഫീസർ എത്തി മണ്ണടി നിറുത്തിവയ്ക്കാൻ ഉത്തരവ് ഇട്ടിട്ടും ഇത് അവഗണിച്ചാണ് വീണ്ടും ഈ പ്രവണത തുടരുന്നത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് മണ്ണടി നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. നാട്ടുകാർ രേഖാമൂലം ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ്. ഇത് ചില പ്രാദേശിക രാഷ്ട്രീയ ബന്ധം ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. റാന്നി, ഇരവിപേരൂർ ,ഓതറ, എന്നിവിടങ്ങളിൽ നിന്നും രാത്രിയിലും പുലർച്ചെയും പാസില്ലാതെയും മറ്റും കൊണ്ടുവരുന്ന മണ്ണും, ഹൈവേ വികസനത്തിന്റെ പേരും പറഞ്ഞ് കൊണ്ടുവരുന്ന മണ്ണും നെൽവയൽ നീർത്തടം നികത്താൻ ഉപയോഗിക്കുന്നുണ്ട്. യാഡുകളിൽ, എംസാന്റ് ,പാറപ്പൊടി ,കരിങ്കൽ മിശ്രിതം, മെറ്റൽ എന്നിവ വിൽക്കാൻ മാത്രമാണ് ആലപ്പുഴ ജില്ലയിൽ ജിയോളജി ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിരിക്കുന്നത്. ഇത് അവഗണിച്ച് കൊണ്ടാണ് കല്ലിശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിലയാഡുകളിൽ മണ്ണ് സ്റ്റോക്ക് ചെയ്ത ശേഷം ആവശ്യക്കാർക്ക് നൽകുന്നത്.അനധികൃത മണ്ണടി പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചാൽ ചില ഉദ്യോഗസ്ഥർ ഉടൻ തന്നെ മണ്ണ് മാഫിയയെ വിളിച്ചറിയിക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ഇത്തരം തട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താൻ സ്പെഷ്യൽ സ്ക്വാഡിനെ നിയമിക്കണമെന്നുള്ള ആവശ്യം ശക്തമാണ്.