citu

പത്തനംതിട്ട :അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകാത്തതിൽ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്കൂളുകൾ ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചു. പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇന്നലെ ആരംഭിക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. ടെസ്റ്റ് നടക്കുന്ന വെട്ടിപ്രത്തെ ഗ്രൗണ്ടിൽ ഇന്നലെ രാവിലെ എട്ട് മുതൽ 10.30 വരെ ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ സ്കൂളുകൾ പ്രതിഷേധിച്ചു. ഇതോടെ ടെസ്റ്റിനെത്തിയ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ മടങ്ങിപ്പോയി.

യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷിജു ഏബ്രഹാം പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജയൻ പി.ഡി ,സോമൻപിള്ള, നിഷാദ്, കീർത്തി, അബു ,മാത്യു, മോഹനൻ,ആശാ റാണി എന്നിവർ നേതൃത്വം നൽകി.

പരിഷ്കാരം അനുസരിച്ച് നാലുചക്ര വാഹനങ്ങൾക്ക് റോ‌ഡ് ടെസ്റ്റിന് ശേഷമായിരിക്കും 'എച്ച്' ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റിൽ വിജയിച്ചെങ്കിൽ മാത്രമേ 'എച്ച്' എടുക്കാൻ അനുവദിക്കു. നിലവിൽ തിരിച്ചാണ്.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങൾക്ക് തങ്ങൾ എതിരല്ലെന്ന് ഡ്രൈവിംഗ് സ്കൂളുകാർ പറയുന്നു. എന്നാൽ അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിത്തരേണ്ടത് മോട്ടോർ വാഹന വകുപ്പാണ്. ടെസ്റ്റ് നടത്താനുള്ള സ്ഥലം ശരിയാക്കിത്തരേണ്ടത് മോട്ടോർ വാഹന വകുപ്പാണ്. എന്നാൽ അത് ഡ്രൈവിംഗ് സ്‌കൂളുകൾ തന്നെ കണ്ടെത്തി ഡ്രൈവിംഗ് സ്‌കൂളുകാരുടെ ചെലവിൽ നവീകരണം നടത്തി ടെസ്റ്റ് നടത്തണമെന്നാണ് മന്ത്രി പറയുന്നത് . ഇത് ഡ്രൈവിംഗ് സ്‌കൂളുകളെ അടിച്ചേൽപ്പിക്കുകയാണെന്നാണ് ആക്ഷേപം.15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഡ്രൈവിംഗ് പരിശീലനത്തിനോ ഡ്രൈവിംഗ് ടെസ്റ്റിനോ ഉപയോഗിക്കാൻ പാടില്ലെന്നും പറയുന്നു . പരിഷ്കാരത്തിലെ മിക്ക നിർദ്ദേശങ്ങളും പ്രായോഗികമല്ല.

ക്യാമറയും ജി.പി.എസും !

ഡ്രൈവിംഗ് ടെസ്റ്റിനും പരിശീലനത്തിനും പോകുന്ന വാഹനങ്ങളിൽ ക്യാമറയും ജി.പി.എസും ഘടിപ്പിക്കണം. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം പരിശോധിക്കാനാണ് ഇതെന്നാണ് മന്ത്രി പറയുന്നത്. ഉദ്യോഗസ്ഥരുടെ പെരുമാറ്റവും മനോനിലയും പരിശോധിക്കാൻ ഡ്രൈവിംഗ് സ്‌കൂളുകൾ എന്തിനാണ് പണം മുടക്കേണ്ടതെന്ന് സ്കൂളുകാർ ചോദിക്കുന്നു.

----------------------

ഡ്രൈവിംഗ് ടെസ്റ്റിനായി ഗ്രൗണ്ടിൽ എത്തിയിരുന്നു. സ്കൂളുകാരുടെ പ്രതിഷേധം മൂലം ടെസ്റ്റ് നടത്താനാകാതെ മടങ്ങി.

എച്ച് അൻസാരി

ആർ.ടി.ഒ

-------------------
ലേണേഴ്സ് പരീക്ഷ കഴിഞ്ഞവർക്ക് ഡ്രൈവിംഗ് ടെസ്റ്റിനുള്ള ഡേറ്റ് കിട്ടുന്നില്ല . ഇത് വിദേശത്ത് ജോലി ചെയ്യാൻ പോകുന്നവരെയും മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുവാൻ പോകുന്നവരെയും ബാധിക്കും. പുതിയ സർക്കുലർ പിൻവലിക്കും വരെ സമരം തുടരും.

ഷിജു ഏബ്രഹാം

( ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ്)