തിരുവല്ല : നല്ല റോഡ് വരുന്നതിന്റെ ആഹ്ളാദത്തിലാണ് ഇരതോട്, ആശാൻകുടി നിവാസികൾ. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രദേശവാസികളുടെ സ്വപ്‌നം പുതിയ വഴിയിലൂടെ യാഥാർത്ഥ്യമാകുകയാണ്. നിരണം 11-ാം വാർഡിലെ ഇരതോട് - ആശാൻകുടി ബണ്ട് റോഡ് ഇല്ലാത്തതുമൂലം സ്‌കൂൾ കുട്ടികളടക്കം നൂറുകണക്കിന് കുടുംബങ്ങളുടെ യാത്ര ദുരിതപൂർണ്ണമായിരുന്നു. 2017 ജൂൺ 29നാണ് ബണ്ട് റോഡ് വെള്ളപ്പൊക്കത്തിൽ തകർന്നത്. ആംബുലൻസ് പോലും കടന്നുവരാത്തവിധം റോഡ് തകർച്ചയിലായി. 350 ഏക്കറിലെ പുഞ്ചക്കൃഷിയെ രക്ഷിക്കാനായി അന്ന് മന്ത്രിയായിരുന്ന മാത്യു ടി. തോമസിന്റെ നിർദ്ദേശപ്രകാരം 1.67ലക്ഷം രൂപ ചെലവഴിച്ച് താത്കാലിക സംവിധാനം ഒരുക്കി.പിന്നീട് പുതിയ റോഡ് നിർമ്മിക്കാനായി രണ്ട് കോടിയോളം രൂപ അനുവദിച്ചു. ഏഴ് വർഷം മുമ്പ് തകർന്ന ഇരതോട് - ആശാൻകുടി റോഡിന്റെ നിർമ്മാണം ഇപ്പോൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. 1.236 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ മണ്ണിട്ടുയർത്തി ആദ്യ പാളി മെറ്റൽ നിരത്തി ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കി.കടപ്ര - ഹരിപ്പാട് ലിങ്ക് റോഡിൽ ഇരതോട് നിന്ന് എടത്വായിലേക്കുള്ള പ്രധാന പാതയാണിത്. 75ലക്ഷം രൂപ ചെലവഴിച്ച് ഇരുവശവും കല്ലുകെട്ടി റോഡിന്റെ സംരക്ഷണം ഉറപ്പാക്കി. അഞ്ച് മീറ്റർ വീതിയിലുള്ള റോഡ് അഞ്ച് വർഷത്തെ ഗ്യാരന്റിയോടെയാണ് നിർമ്മിക്കുന്നത്. 122മീറ്റർ കൂടി പൂർത്തിയായാൽ നിരണം പഞ്ചായത്തിന്റെ അതിർത്തിവരെ റോഡ് യാഥാർത്ഥ്യമാകും.
....................................................
ഇരതോട്, ആശാൻകുടി പ്രദേശത്തെ 350 കുടുംബങ്ങൾക്ക് റോഡിന്റെ പ്രയോജനം ലഭിക്കും. മഴക്കാലം തുടങ്ങും മുമ്പേ റോഡ് നിർമ്മാണം പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ്.
കെ.എസ്. സജിത്ത് (ലല്ലു കക്കാട്ടിൽ)
(നിരണം പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ)
,.................................
1.236 കിലോമീറ്റർ ദൈർഘ്യം
122 മീറ്റർ കൂടി പൂർത്തിയായാൽ റോഡ് യാഥാർത്ഥ്യം