ഇളകൊളളൂർ : മഹാദേവർ ക്ഷേത്രത്തിലെ അതിരാത്രം അധര്യു പൂർണാഹുതി നടത്തി ആവസാനിപ്പിച്ചു. ത്രിദീയ സവന ക്രിയകൾ കഴിഞ്ഞതോടെ കൊമ്പക്കുളം വിഷ്ണു സോമയാജിയും പത്നിയും അവഭൃതസ്നാനത്തിനായി അച്ചൻകോവിലാറിലെ ഇളകൊള്ളൂർ മാളിയേക്കൽക്കടവിലേക്ക് തിരിച്ചു. വാളും പരിചയുമേന്തിയ അനുചരൻമാരുടെ അകമ്പടിയിൽ വാദ്യമേളങ്ങളോടെയാണ് അവഭൃഥസ്നാനത്തിനായി പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ നാടിനെ ആശീർവദിച്ചു. സ്നാനശേഷം ഹേ അഗ്നീ നീ വെള്ളത്തിൽ ലയിക്കുക; ജലമേ നീ സമുദ്രത്തിൽ ചേരുക എന്ന മന്ത്രം ജപിച്ച് വെള്ളത്തിൽ വരുണന് ഇഷ്ടി കഴിച്ചു.
യജമാനൻ 11 ദിവസം ഉപയോഗിച്ച ഉത്തരീയം ഉപേക്ഷിച്ച് പുതുവസ്ത്രം അണിഞ്ഞതോടെ യാഗസമർപ്പണ ക്രിയകൾ ആരംഭിച്ചു. ആദ്യം ഉദയനീയേഷ്ടി യാഗവും തുടർന്ന് മൈത്രാ വരുണേഷ്ടിയും നടത്തി സമാപന യാഗമായ സക്തു ഹോമം നടത്തി ചിതി അമർത്തി. അരണിയിലേക്ക് ചമത അർപ്പിച്ച് മൂന്ന്
അഗ്നികളെയും തന്റെ അരണിയിലേക്ക് ആവാഹിച്ചതോടെ യജമാനൻ സോമയാജി അധികാരത്തിൽ നിന്ന് അതിരാത്രയാജി അധികാരം നേടി അരണി തലയിലെടുത്തു വച്ച് പത്നിയേയും പ്രധാന ഋത്വിക്കുകളെയും കൂട്ടി ഇല്ലത്തേക്ക് യാത്രയായി. പരികർമ്മികൾ ശുദ്ധിക്രിയകൾ നടത്തിയ ശേഷം യാഗശാല അഗ്നിക്ക് സമർപ്പിച്ചു. ഡോ. ഗണേഷ് ജോഗലേക്കർ ആയിരുന്നു മുഖ്യ ആചാര്യൻ. കൈതപ്രം കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയായിരുന്നു യജമാനൻ. പത്നി ഉഷ പത്തനാടി യജമാന പത്നി ആയിരുന്നു. കൈതപ്രം വാസുദേവൻ നമ്പൂതിരി യാഗ വിശാരദൻ ആയിരുന്നു. കോന്നി ആസ്ഥാനമായുള്ള സംഹിതാ ഫൗണ്ടേഷനായിരുന്നു സംഘാടകർ.
സ്വീകരണം നൽകി
ക്രൈസ്തവ ദേവാലയം
അവഭൃതസ്നാനത്തിന് ശേഷം യാഗശാലയിലേക്ക് തിരിച്ചുവരുമ്പോൾ ഇളകൊള്ളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സ്വീകരണം നൽകി. യജമാനനും പത്നിയും ഋത്വിക്കുകളും പള്ളിക്കു മുന്നിൽ സർവലോക നൻമയ്ക്കായി സമർപ്പണം നടത്തി.