neelakandan-
കോടനാട് നീലകണ്ഠൻ

കോന്നി: ആനത്താവളത്തിൽ ആനകൾ ചരിയുന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്ന ആനപ്രേമികളുടെയും നാട്ടുകാരുടെയും ആവശ്യം ശക്തമാകുന്നു. ഇക്കോ ടൂറിസം സെന്ററിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പൻ കോടനാട് നീലകണ്ഠനും കഴിഞ്ഞ ദിവസം ചരിഞ്ഞു. ആനയ്ക്ക് മതിയായ പരിചരണം ലഭിക്കാതെ വന്നതും വാടിയ പനയോല പതിവില്ലാതെ നൽകിയതും എരണ്ട കെട്ടിന് കാരണമായതായി പറയപ്പെടുന്നു. ആനയെ പരിചരിക്കുന്നതിൽ പാപ്പാന്മാരുടെ ഭാഗത്തു നിന്ന് ഉണ്ടായ അനാസ്ഥയും രോഗം മൂർച്ഛിക്കാൻ കാരണമായി. വനം വകുപ്പിന്റെ വെറ്റിറിനറി ഡോക്ടർമാർ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ഡെപ്യുട്ടേഷനിൽ വരുന്നവരാണ്. വന്യമൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവർക്കുള്ള പരിചക്കുറവും ആനകൾ കൂടുതലായി ചരിയുന്നതിനു കാരണമാകുന്നതായി പറയപ്പെടുന്നു. മുൻപ് നിരവധി കുട്ടിയാനകൾ കോന്നി ആനത്താവളത്തിൽ ചരിഞ്ഞിരുന്നു.കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ എന്നി ആനകൾക്ക് പിന്നാലെയാണ് നീലകണ്ഠനും ചരിഞ്ഞത്. എലിഫന്റ് എൻഡോപീനിയോ ട്രോപിക് ഹെർപിസ്‌ വൈറസ് ബാധിച്ച് കോന്നി ആനത്താവളത്തിൽ ആനകൾ ചരിയുന്നത് എന്നാണ് വനം വകുപ്പ് പറയുന്നത്. ആന്തരിക രക്തസ്രാവം എങ്ങനെ ഉണ്ടാകുന്നു എന്നുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ ഉണ്ടെങ്കിലും കോന്നി ആനത്താവളത്തിൽ ആനകളിൽ ഈ രോഗം എങ്ങനെ പിടിപെടുന്നു എന്ന് കണ്ടെത്താനും പ്രതിവിധി ചെയ്യാനും വനം വകുപ്പിന് കഴിഞ്ഞിട്ടില്ല.. ഒരു ദിവസം 250 കിലോ നാര് ഭക്ഷണം മുതിർന്ന ആനകൾക്ക് ആവശ്യമാണ്. കോന്നി ആനത്താവളത്തിൽ ഒരു ആനയ്ക്ക് ദിനവും എത്ര കിലോ നാര് ഭക്ഷണം കിട്ടുന്നു എന്ന് വനം വകുപ്പിന് അറിയില്ല.ചൂട് സമയത്ത് ആനകൾക്ക് 5 , 6 നേരം വെള്ളം കുടിക്കാൻ കൊടുക്കണം പക്ഷെ ഇതും കൃത്യമായി കൊടുക്കാറില്ലെന്നാണ് പരാതി.

..............................
പച്ചപനയോല, പച്ചതെങ്ങോല, പച്ചില എന്നിവയിൽ ആണ് നാര് കൂടുതൽ ഉള്ളത്. ഇത്തരം പച്ചിലകൾ ആനത്താവളത്തിലെ ആനകൾക്ക് കൃത്യമായി ലഭിക്കുന്നില്ല. വാടിയ പനയോലയും തെങ്ങോലയും ആനയ്ക്ക് എരണ്ടകെട്ട് ഉണ്ടാക്കും.

ചിറ്റാർ ആനന്ദൻ

( ആനയെപറ്റിയുള്ള പുസ്തകം രചിച്ച മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ)

....................................

പാപ്പാന്മാരുടെ കൃത്യമായ പരിചരണം ലഭിക്കാതെയാണ് ഇന്ദ്രജിത്ത് ഉൾപ്പെടെയുള്ള ആനകൾ ചരിഞ്ഞത്.

വിജയകുമാർ

കോന്നി

( ആനപ്രേമി )