ദേവസ്വം ഓഫീസിൽ ഭക്തരുടെ പ്രതിഷേധം
കോഴഞ്ചേരി: നിശ്ചിത സമയത്ത് കളഭം ലഭിക്കാത്തതിനെ തുടർന്ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ മുഖച്ചാർത്ത് സമയത്ത് നടത്താൻ കഴിഞ്ഞില്ല. പുലർച്ചെ ക്ഷേത്ര നടതുറന്ന് നിർമ്മാല്യ ദർശനത്തിനും അഭിഷേകത്തിനും ശേഷമാണ് മുഖച്ചാർത്ത് നടത്തുന്നത്.
മുഖച്ചാർത്ത് നടത്തുന്നതിനായി തലേദിവസം തന്നെ ദേവസ്വം ഉദ്യോഗസ്ഥർ ജീവക്കാർക്ക് ചന്ദന മുട്ടികൾ കൈമാറും. അത്താഴപൂജക്കുശേഷം ചന്ദമുട്ടി അരച്ചാണ് അടുത്ത ദിവസത്തേക്കുള്ള കളഭം തയ്യാറാക്കുന്നത്. ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന വ്യാഴാഴ്ച മുഴുക്കാപ്പ് വഴിപാട് നടത്തുന്നതിനും ഇത് കണ്ടുതൊഴുന്നതിനും ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തിയിരുന്നു. മാത്രമല്ല മുഴുക്കാപ്പ് വഴിപാടിനായി ബുക്കുചെയ്ത് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമെ അവസരം ലഭിക്കു. ഇത്തരത്തിൽ വഴിപാട് നടത്താൻ എത്തിയവർക്കാണ് ഇന്നലെ ക്ഷേത്രത്തിൽ ദുരനുഭവം ഉണ്ടായത്.
വഴിപാട് നടത്താൻ ചന്ദനം ഇല്ലെന്ന് മനസ്സിലായതോടെ വഴിപാടുകാരും ഭക്തരും ദേവസ്വം ജീവനക്കാരെ സമീപിച്ചെങ്കിലും ഉത്തരവാദിത്വപ്പെട്ട ആരും ക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. ഇത് ഭക്തരിൽ കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്നാണ് ചന്ദനമുട്ടി എത്തിച്ച് അരയ്ക്കാൻ ആരംഭിച്ചത്.
ചന്ദനം അരപ്പ് എന്ന സ്ഥിരം തസ്തികയിൽ ജീവനക്കാരില്ലാതായിട്ട് രണ്ട് വർഷം കഴിഞ്ഞു. തുച്ഛമായ വേതനത്തിൽ
താത്ക്കാലിക ജീവനക്കാരാണ് ഈ ജോലി നിർവഹിക്കുന്നത്. ഭക്തരുടെ പ്രതിഷേധത്തിനിടെ
വൈകി പിന്നീട് ചാർത്തുകൾ പൂർത്തിയാക്കി വഴിപാടുകാർക്ക് ദർശനത്തിന് അവസരം നൽകി. ഏറെക്കാലമായി ആറന്മുള ക്ഷേത്രത്തിൽ രണ്ട് വിഭാഗം ജീവനക്കാർ തമ്മിൽ നിരവധി കാര്യങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ നടക്കുകയാണെന്ന് പരാതിയുണ്ട്. ഇതാണ് വഴിപാടുകൾ മുടങ്ങുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന ചന്ദനത്തിന്റെ ഗുണമേന്മ സംബന്ധിച്ചും ഭക്തർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.