ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ലഹരിമാഫിയ വിലസുന്നു. സ്കൂൾ വിദ്യാർത്ഥികളെയും കോളേജ് വിദ്യാർത്ഥികളെയും ചേർത്തുള്ള വിതരണ ശൃംഖലയായി മാറിയിരിക്കുകയാണ് പ്രദേശം. തുടക്കത്തിൽ ലഹരിയുടെ വലയത്തിലേക്ക് ആകർഷിക്കാൻ സൗജന്യമായിട്ടായിരിക്കും വിതരണം .പുകയുടെ രൂപത്തിലോ ശീതളപാനീയങ്ങളിലോ ബിസ്കറ്റ് മിഠായി തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ആക്കിയോ നൽകിയാണ്‌ പുതിയ ഇരകളെ ആകർഷിക്കുക. ഒറ്റ ദിവസത്തെ ഉപയോഗം കൊണ്ട് തന്നെ പിറ്റേ ദിവസം അതെ സമയം ലഹരിക്കായി അന്വേഷണം ആരംഭിക്കും.

ആൺ- പെൺവ്യത്യാസമില്ലാതെ ഇടനിലക്കാർ


പണം കൊടുത്ത് വാങ്ങാൻ പറ്റാത്തവരെ ഇടനിലക്കാരായി നിയമിക്കും. ഇടനിലക്കാരിൽ ആൺ പെൺ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്നവരുണ്ട്. കുട്ടികളെയും യുവാക്കളേയും കൂടാതെ തൊഴിലാളികളും ഉദ്യോഗസ്ഥർ വരെ ഈ ദൂഷിത വലയത്തിൽ അകപ്പെട്ടിട്ടുണ്ട്. പ്രധാനമായും കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് ഇതിന്റെ വിതരണം നടക്കുന്നത്. താഴെ തട്ടിലുള്ള വില്പനക്കാരെയാണ് മിക്കപ്പോഴും പൊലീസും എക്സൈസും പിടികൂടുക. എന്നാൽ വൻ തിമിംഗലങ്ങൾ പുറത്ത് വിലസി നടക്കുന്നുണ്ടാവും .ചെറിയ അളവിൽ ലഹരിപിടികൂടിയാൽ ജാമ്യം കിട്ടുക എളുപ്പമാണ്. എന്നാൽ വമ്പൻമാരെ പിടികൂടുന്നുമില്ല.

വിദ്യാലയങ്ങളിൽ ലഹരിബോധവത്ക്കരണം വേണം

സ്കൂളുകളിലും കോളേജുകളിലും ബോധവത്ക്കരണ ക്ലാസുകൾ നടത്തേണ്ടത് ആവശ്യമാണ്. വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ലഹരിക്കെതിരെയുള്ള ബോധവത്ക്കരണം നടത്തണം. ഇതിന് സന്നദ്ധ സംഘടനകൾ നേതൃത്വം കൊടുക്കണം. ഓൺലൈൻ പോസ്റ്ററുകൾ , അവയർനെസ് ക്ലാസുകൾ എന്നിവയ്ക്ക് നിർബന്ധമായും സ്കൂളിലെ പി.ടി. നേതൃത്വം വഹിക്കണം.

..........................................

പൊലീസും എക്സൈസും അതീവ ജാഗ്രത പാലിച്ചില്ലങ്കിൽ ഒരു തലമുറയുടെ നാശമായിരിക്കും കാണേണ്ടി വരിക. സ്കൂൾ അവധിയായിട്ടും സ്കൂൾ കുട്ടികളെ ജഗ്ഷനുകളിൽ എത്തിച്ച് ലഹരികൾ കൈമാറുന്നുണ്ട്. (ചെങ്ങന്നൂർ സ്കൂളിലെ

പ്രധാനദ്ധ്യാപകൻ)​

.........................................

1. കുട്ടികളിൽ ബോധവത്ക്കരണം നടത്തണം

2. സന്നദ്ധ സംഘടനകൾ നേതൃത്വം കൊടുക്കണം

3. അവയർനെസ് ക്ലാസുകൾ സ്കൂൾ പി,​ടി.എ നേതൃത്വം നൽകണം