കോന്നി: കാറ്റും മഴയുമായാൽ തണ്ണിത്തോട് മേഖലയിൽ വൈദ്യുതി കാണില്ല. വൈദ്യുതി ലൈനിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകളാണ് വില്ലനാകുന്നത്. കെ.എസ്.ഇ.ബി ടച്ചിംഗ് വെട്ടിമാറ്രുന്നില്ലെന്നാണ് പരാതി. എല്ലാ വർഷവും വേനൽക്കാലത്ത് തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകളിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാറുണ്ടായിരുന്നു. ഇത്തവണ നടപടിയുണ്ടായില്ല. കോന്നി മുതൽ തണ്ണിത്തോട് വരെയുള്ള ലൈനുകളിലേക്ക് പലയിടത്തും കാടും മരച്ചില്ലകളും വീണുകിടക്കുകയാണ്. ഞള്ളൂർ മുതൽ തണ്ണിത്തോട് മൂഴി വരെയുള്ള വനപാതയിലും ഇതാണ് സ്ഥിതി. കാറ്റടിച്ചാൽ വെദ്യുതി വന്നുംപോയും നിൽക്കുന്ന അവസ്ഥയാണ്. കോന്നി കെ എസ് ഇ ബി സെക്ഷന്റെ കീഴിലാണ് തണ്ണിത്തോട് സബ് സെന്റർ . വനമേഖലയായ ഇവിടെ ടച്ചിംഗ് വെട്ട് നേരത്തെ ചെയ്യേണ്ടതാണ്. കോന്നി സെക്ഷന്റെ കീഴിലെ മറ്റ് പ്രദേശങ്ങളിൽ ടച്ച് വെട്ട് നേരത്തെ നടത്തിയിരുന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം പലയിടത്തും വെദ്യുതി ലൈനുകളിൽ വള്ളിപ്പടർപ്പുകൾ മൂടിക്കിടക്കുകയാണ്. ചൂട് വർദ്ധിച്ചതുമൂലം പ്രദേശത്ത് അടിയ്ക്കടി ഉണ്ടാവുന്ന വൈദ്യുതി മുടക്കം മലയോരമേഖലയിലെ ജനങ്ങളെ വലയ്ക്കുകയാണ്. എലിമുള്ളുംപ്ലാക്കൽ, മണ്ണീറ, തണ്ണിത്തോട്, തേക്കുതോട്, പറക്കുളം, മൂർത്തിമൺ, ഏഴാംതല, പൂച്ചക്കുളം, തുമ്പാക്കുളം, കരുമാൻതോട്, മേക്കണ്ണം, ഇടക്കണ്ണം, മേടപ്പാറ, വി കെ പാറ, കൂത്താടിമൺ,കാവ് ജംഗ്ഷൻ, സ്റ്റേഡിയം, മേലേപ്പറക്കുളം പ്രദേശങ്ങൾ തണ്ണിത്തോട് സബ് സെന്ററിന്റെ പരിധിയിലാണ്. ഇതെല്ലം വനമേഖലയോട് ചേർന്ന പ്രദേശങ്ങളാണ്. ചെറിയ മഴയോ കാറ്റോ ഉണ്ടായാൽ ഇവിടെ വെദ്യുതി ബന്ധം തകരാറിലാകും. ഒരു ഓവർസിയറും മുന്ന് ലൈൻമാൻമാരും ഒരു വർക്കറുമാണ് തണ്ണിത്തോട് സബ് സെന്ററിലുള്ളത്. ലൈൻമാൻമാരിൽ ഒരാൾ രാത്രിയിലും രണ്ടുപേർ പകലുമാണ് ഡ്യുട്ടിയിലുള്ളത്. രണ്ട് താത്കാലിക ജീവനക്കാരുമുണ്ട്.
-----------
വൈദ്യുതി ലൈനുകളിലേക്ക് വീണുകിടക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാതെ കെ.എസ്.ഇ.ബി
-----------------
തണ്ണിത്തോട് മേഖലയിലെ വെദ്യുതി ലൈനുകളിൽ മൂടിക്കിടക്കുന്ന വള്ളിപ്പടർപ്പുകളും മരച്ചില്ലകളും വെട്ടിമാറ്റി വൈദ്യുതി വിതരണം മെച്ചപ്പെടുത്തണം
സുരേഷ് തേക്കുതോട് ( പ്രദേശവാസി )