റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ സ്ഥിരം അപകട മേഖലയായി മാറുകയാണ് തോട്ടമൺ എസ്.ബി.ഐ ബാങ്കിന് മുമ്പിലെ കൊടുംവളവ്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ഇരുചക്ര വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വാനിന് അടിയിൽപ്പെട്ടതാണ് ഏറ്റവും അവസാനത്തെ അപകടം. അപകടത്തിൽ കൈക്ക് പരിക്കേറ്റ യുവാവ് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. റോഡിന്റെ നവീകരണത്തിന് ശേഷം ഇവിടെ ഇരുപതിൽപ്പരം വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അമിത വേഗതയും അപകടത്തിന് കാരണമാകുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പ് ഇവിടെ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയിരുന്നു. ഇൗ സമയം നടപ്പാതയിൽ കാൽനട യാത്രക്കാർ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
വളവുകൾ നിവർത്തി നിർമ്മാണം നടത്തണമെന്നുള്ള വ്യവസ്ഥ പാലിക്കാതിരുന്നതാണ് പ്രശ്നമായത്. സംസ്ഥാന പാതയിൽ പ്ലാച്ചേരി - കോന്നി റീച്ചിൽ തോട്ടമണ്ണിന് പുറമെ മന്ദമരുതി, ഉതിമൂട് മേഖലയിലും അപകടം പെരുകിയിട്ടുണ്ട്. നിരവധി മരണങ്ങളും നടന്നു.
------------
പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി മേഖലയിൽ അപകടങ്ങൾ വർദ്ധിച്ചു വരികയാണ്. എന്നാൽ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
സജു തോട്ടുങ്കൽ , പൊതു പ്രവർത്തകൻ