പത്തനംതിട്ട : തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാർ സ്കൂളുകളുടെ പുതിയ കെട്ടിട നിർമ്മാണങ്ങളും അറ്റകുറ്റപ്പണികളും മുടങ്ങി. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് ശേഷമേ പെരുമാറ്റച്ചട്ടം നീങ്ങുകയുള്ളൂ. സ്കൂളുകൾ പോളിംഗ് ബൂത്തുകളായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിരുന്നു. പുതിയ അദ്ധ്യയനവർഷം ജൂൺ അഞ്ചിന് ആരംഭിക്കുമെന്നാണ് അറിയിപ്പ്.
സർക്കാർ മേഖലയിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളുടെ അറ്റകുറ്റപ്പണിയും പുതിയ നിർമ്മാണവും നടത്തുന്നത് ജില്ലാ പഞ്ചായത്താണ്. എൽ.പി, യു.പി മാത്രമുള്ള സ്കൂളുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും അതത് തദ്ദേശ സ്ഥാപനങ്ങളും. കലഞ്ഞൂർ, തണ്ണിത്തോട്, കോന്നി, പ്രമാടം, കടമ്പനാട്, നിരണം, റാന്നി തുടങ്ങിയ മേഖലകളിൽ എൽ.പി, യു.പി സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഇൗ അദ്ധ്യയനവർഷത്തിന് മുൻപ് പൂർത്തിയാകില്ല. ഫണ്ട് ലഭിക്കാത്തതിനാൽ കലഞ്ഞൂർ ഗവ.എൽ.പി.എസ്, കോന്നി, കടമ്പനാട് സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവും മുടങ്ങി. കലഞ്ഞൂരിൽ കോൺക്രീറ്റ് കഴിഞ്ഞപ്പോൾ പണിനിലച്ചു.
സാമ്പത്തിക പ്രതിസന്ധിയും
പെരുമാറ്റച്ചട്ടം അവസാനിച്ചാലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ഫണ്ടുകൾ യഥാസമയം ലഭിക്കാത്തതും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയർമാർ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ സ്കൂളുകൾക്ക് പ്രവർത്തിക്കാനാകൂ.
കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തി സർക്കാർ
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പുതിയ അദ്ധ്യയന വർഷത്തിന് മുൻപ് പൂർത്തിയാകാനുണ്ടെന്ന് കാട്ടി സ്കൂൾ അധികൃതർ വിദ്യാഭ്യാസവകുപ്പിന് കത്ത് നൽകിയിരുന്നു. സർക്കാർ ഇത് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്.
പെയിന്റിംഗ്, റൂഫ് വർക്കുകൾ, ഇലക്ട്രിക്, പ്ളംബിംഗ് വർക്കുകൾ, പരിസരം വൃത്തിയാക്കൽ എന്നിവയാണ് അറ്റകുറ്റപ്പണിയിലുള്ളത്.
ജില്ലയിൽ അറ്റകുറ്റപ്പണി നടത്താനുള്ള ഹൈസ്കൂൾ,
ഹയർസെക്കൻഡറി സ്കൂൾ കെട്ടിടങ്ങൾ : 21
എൽ.പി, യു.പി സ്കൂളുകൾ : 14
'' സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് അനുമതി വാങ്ങാനുള്ള സർക്കാർ നടപടികൾ വേഗത്തിലാക്കണം.
ഫിലിപ്പ് ജോർജ്, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ്